അമ്മമാർ മരിച്ച കുട്ടികൾക്ക് പാൽ കൊടുക്കാമെന്ന യുവതിയുടെ പോസ്റ്റിൽ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ
വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തു
പാലക്കാട് : സോഷ്യൽ മീഡിയ വഴി യുവതിയെ അപമാനിച്ച യുവാവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ദുരന്ത മേഖലയിലെ കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കും
വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ ദുരന്ത മേഖലയിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ടെലി മനസിന്റെ സഹായത്തോടെ ആവശ്യമായ സേവനം നല്‍കും. മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് 137 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയവരുടെ തുടര്‍ കൗണ്‍സിലിംഗിന് അതേ കൗണ്‍സിലറുടെ തന്നെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ഭവന സന്ദര്‍ശനം നടത്തുന്ന സൈക്കോസോഷ്യല്‍ ടീമില്‍ ഫീല്‍ഡ് തല സേവനം നടത്തുന്ന ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിവിധ ജീവനക്കാര്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളെടുക്കുന്നതിന് മുമ്പ് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.