തിരുവനന്തപുരം: കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കീം പരീക്ഷക്കിടെ കൂട്ടം കൂടിയവർക്കെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. അതിനിടെ, കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

പട്ടം സെൻ്റ് മേരീസില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളും അവര്‍ക്കൊപ്പമെത്തിയ രക്ഷിതാക്കളുമാണ് സാമൂഹിക അകലം പാലിക്കാതെ വലിയ രീതിയില്‍ കൂട്ടം കൂടിയത്. കനത്ത ജാഗ്രതയിലാവും പരീക്ഷ നടത്തുകയെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പരീക്ഷാ കേന്ദ്രത്തിന് മുന്നിലെ ഗേറ്റിന് മുന്നില്‍ സാമൂഹിക അകലം പോലും പാലിക്കാന്‍ പറ്റാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന ചിത്രം രൂക്ഷമായ വിമര്‍ശനമാണ് സംസ്ഥാനതലത്തില്‍ ഉയര്‍ത്തിയത്. അതിനിടെ, പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ വിമര്‍ശനം ശക്തമായി.

വലിയതുറ സെന്റ് ആന്റണീസിൽ പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിയായ വിദ്യാർത്ഥിക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരീക്ഷയെഴുതുമ്പോള്‍ വിദ്യാർത്ഥിക്ക് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. 20 നാണ് വിദ്യാർത്ഥിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയത്. തിരുവന്തപുരത്ത രോഗം ബാധിച്ച മൂന്നാമത്തെ വിദ്യാർത്ഥിയാണ് ഇവര്‍. സംസ്ഥാനത്ത് ഇതുവരെ കീം പരീക്ഷയെഴുതിയ അഞ്ച് വിദ്യാർത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Also Read: 'കീം' എഴുതിയ ഒരു കുട്ടിക്ക് കൂടി കൊവിഡ്, ഇതുവരെ രോഗം കണ്ടെത്തിയത് 5 പേർക്ക്