തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പത്താം പ്രതി മുഹമ്മദ് അസ്ലമിനെ കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം കേസിലെ ഒന്നും രണ്ടുംപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

 മുൻ എസ്എഫ്ഐ നേതാക്കൾക്ക് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിലുകളിലായി 10 വീതം ക്രിമിനൽ കേസുകൾ ഉണ്ടെന്നും,പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ വീണ്ടും യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ  ഭീകരാന്തരീക്ഷം സൃഷ്ഠിക്കുവാൻ സാധ്യതയുണ്ടെന്ന നിരീക്ഷണത്തോടെയാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജിയും ഹൈക്കോടതി തള്ളി. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി പറഞ്ഞു.