തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഏഴുപേരില്‍ ഒരാള്‍ക്കൂടി പിടിയില്‍. ജിതീഷ് എന്നയാളാണ് പിടിയില്‍. ഇയാളെ എറണാകുളം മരടില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഒരു റിമാന്‍റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയും പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. ചൊവ്വാഴ്‍ച രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. 

രാത്രി 7.50 നായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്സുമാരെ മുറിയില്‍ പൂട്ടിയിട്ട സംഘം ഇതുതടയാനായെത്തിയ പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്‍തു. അദ്ദേഹത്തിൻറെ മൂന്ന് പവന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിരുന്നു. പൊലീസുകാരന്‍റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്നാണ് സംഘം രക്ഷപ്പെട്ടത്.