ബൈക്കിൽ നിന്ന് വീണ് ജിത്തു ചികിത്സ തേടിയപ്പോഴാണ് കള്ളനോട്ട് പിടിച്ചത്. ഇതര സംസ്ഥാനത്ത് നിന്നാണ് നോട്ടുകള്‍ അച്ചടിച്ചത്. 

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകൻ അടക്കമുള്ള കള്ളനോട്ട് സംഘം അറസ്റ്റില്‍. കൊടുങ്ങല്ലൂർ സ്വദേശികളായ ജീത്തു, സഹോദരങ്ങളായ രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ബിജെപി പ്രവര്‍ത്തകനായ ജീത്തു ബൈക്കിൽ നിന്ന് വീണ് ചികിത്സ തേടിയപ്പോളാണ് കള്ളനോട്ട് പിടിച്ചത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ജിത്തു നൽകിയത് കള്ളനോട്ടുകളായിരുന്നു. ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 

ആശുപത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ നോട്ടുകൾ അച്ചടിച്ചത് ഇതര സംസ്ഥാനത്ത് നിന്നാണെന്ന് കണ്ടെത്തി. ഇതാണ് സഹോദരങ്ങളായ രാകേഷിലേക്കും രാജീവിലേക്കും അന്വേഷണം എത്തിച്ചത്. ഇവർ പിടിയിലായത് ബെംഗളൂരുവില്‍ നിന്നാണ്. ഇവർ നേരത്തെ കള്ളനോട്ട് അടിച്ച കേസിൽ പ്രതികളാണ്. പിന്നീട് ജാമ്യത്തിലിറങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ വ്യാജ നോട്ടടിയിലേക്ക് കടക്കുകയായിരുന്നു. 

മലപ്പുറം, കോഴിക്കോട് കണ്ണൂര്‍, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിലുള്ള ക്രിമിനൽ സംഘവുമായി ചങ്ങാത്തത്തില്‍ ആവുകയും പുതിയ രീതിയില്‍ പണം പ്രിന്‍റ് ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയുമാണ് ഉണ്ടായത്. തൃശ്ശൂര്‍ ജില്ലയിലെ സധാരണക്കാരിലേക്ക് കള്ളനോട്ട് വിതരണം ചെയ്യുകയായിരുന്നു ഈ കണ്ണിയുടെ ലക്ഷ്യം. ജിത്തുവിനും കള്ളനോട്ട് കിട്ടിയത് ഇവരിൽ നിന്നാണ്. മൂവരുടെയും രാഷ്ട്രീയ ബന്ധം നേരത്തെ ഏറെ ചർച്ചയായിരുന്നു എന്നാൽ മൂവർക്കും പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി വ്യക്തമാക്കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.