തൃശ്ശൂരിൽ നിന്നും സ്വർണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ 29 നാണ് ബിജുവിനെ നേരെ ആക്രമണമുണ്ടായത്.  

തിരുവനന്തപുരം: മുക്കോലയ്ക്കലില്‍ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. തൃശൂർ സ്വദേശികളായ സന്തോഷ്, മനു എന്നിവരാണ് ഷാഡോ പൊലീസിന്‍റെ പിടിയിലായത്. തൃശ്ശൂരിൽ നിന്നും സ്വർണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ 29 നാണ് ബിജുവിനെ നേരെ ആക്രമണമുണ്ടായത്. 

തൃശൂരിലെ മൊത്തവ്യാപര സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ആഭരണങ്ങളുമായി രാവിലെ ഗുരുവായൂർ എക്സ്പ്രസിലാണ് ബിജു തമ്പാനൂരിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നും കാറില്‍ വീട്ടിലേക്ക് പോകും വഴിയാണ് മറ്റൊരു കാറില്‍ എത്തിയ സംഘം വാഹനം തടഞ്ഞ് നിർത്തി ആക്രമിച്ച് സ്വര്‍ണ്ണം തട്ടിയെടുത്തത്. 

ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴെക്കും സംഘം രക്ഷപ്പെട്ടിരുന്നു. അക്രമികള്‍ സഞ്ചരിച്ച കാര്‍ നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.