കോട്ടയം: പച്ചക്കറി കടകളില്‍ മോഷണം നടത്തുന്ന യുവാവ് കാഞ്ഞിരപ്പള്ളിയിൽ പിടിയില്‍. ഈരാറ്റ് പേട്ട സ്വദേശി ശ്രീജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. പാലാ ഈരാറ്റ്പേട്ട കോട്ടയം എന്നിവിടങ്ങളിലെ പച്ചക്കറികടകളില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വ്യാപകമായ മോഷണം നടന്നിരുന്നു. കാഞ്ഞിരപ്പള്ളി എസ്എസ് കവലയിലെ പച്ചക്കറി കട, അബ്ദുല്‍ കരീമിന്‍റെ മറ്റൊരു പച്ചക്കറി കട എന്നിവിടങ്ങളിലെ മോഷണത്തിന് ശേഷം ശ്രീജിത്ത് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്തെത്തി. അവിടെ ഒരു കെട്ടിടത്തിന് മുകളില്‍ കയറി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കിടന്നുറങ്ങി.

ശ്രീജിത്തിനെ കണ്ട് സംശയം തോന്നിയ തൊഴിലാളികള്‍ ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ടൗണിലെത്തി ചുമട്ട്തൊഴിലാളികളോട് വിവരം പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്രീജിത്തിനെ തൊഴിലാളികള്‍ തടഞ്ഞ് വച്ച ശേഷം പൊലീസിനെ വിവരം അറിയിച്ചു. എസ്എസ് പച്ചക്കറി സ്റ്റാളില്‍ നിന്നും മോഷ്ടിച്ച 4800 രൂപ ഇയാളില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞയാഴ്ച ഈരാറ്റുപേട്ട റോഡില്‍ പ്രവര്‍ത്തിക്കുന്ന ബി എ നിയാസിന്‍റെ  പച്ചക്കറി കട, ദേശീയ പാതയോരത്തെ എം കെ അബ്ദുല്‍ കരീമിന്‍റെ പച്ചക്കറിക്കട, പുത്തനങ്ങാടി  റോഡിലെ പി എം ഷാഹുലിന്‍റെ പച്ചക്കറികട എന്നിവിടങ്ങളിലായിരുന്നു ‍ മോഷണം നടന്നത്.  പച്ചക്കറി കടകള്‍ക്ക് പൊതുവേ അടച്ചുറപ്പില്ലാത്തതാണ്  മോഷണത്തിനായി ഇവ തിരഞ്ഞെടുക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.