അതിവേഗ പാത വന്നതോടെ തൊട്ടടുത്ത ഇടങ്ങളിലേക്ക് പോലും പോകാൻ വഴിയില്ലാതായെന്നാണ് പാതയ്ക്ക് ഇരുവശവും താമസിക്കുന്നവരുടെ പരാതി 

മൈസൂരു: പുതുതായി നിർമിച്ച ബെംഗളുരു - മൈസുരു അതിവേഗ പാത ഉപരോധിച്ച കർഷകർക്കും പ്രദേശവാസികൾക്കുമെതിരെ പൊലീസിന്‍റെ ലാത്തിച്ചാർജ്. അതിവേഗ പാത വന്നതോടെ തൊട്ടടുത്ത ഇടങ്ങളിലേക്ക് പോലും പോകാൻ വഴിയില്ലാതായെന്നും, സർവീസ് റോഡും, അടിപ്പാതകളും വേഗത്തിൽ പണിയാൻ നടപടി വേണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ ഉപരോധം. ഗതാഗതക്കുരുക്കായതോടെ സ്ഥലത്ത് പൊലീസെത്തി. പിരിഞ്ഞുപോകാൻ പ്രതിഷേധക്കാർ തയ്യാറാകാതെ വന്നതോടെ ലാത്തി വീശുകയായിരുന്നു. പൊലീസ് മർദ്ദനത്തിൽ സ്ത്രീകളും വൃദ്ധരുമടക്കം നിരവധിപ്പേ‍ർക്ക് പരിക്കേറ്റു.