Asianet News MalayalamAsianet News Malayalam

പത്രിക പിൻവലിക്കാൻ ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തൽ: കെ സുന്ദരയുടെ മൊഴിയെടുക്കുന്നു

പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ.സുന്ദരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മൊഴിയെടുക്കൽ. 

police collecting k sundara statement
Author
Kasaragod, First Published Jun 6, 2021, 2:32 PM IST

തിരുവനന്തപുരം: മഞ്ചേശ്വരത്ത് ബിജെപി നേതാക്കൾ കൈക്കൂലി നൽകി സ്ഥാനാർത്ഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ.സുന്ദരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മൊഴിയെടുക്കൽ. 

പത്രിക പിൻവലിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കൈക്കൂലി നൽകിയെന്ന് കെ.സുന്ദര ഇന്നലെയാണ് വെളിപ്പെടുത്തിയത്. സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്  മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശൻ ആണ് കാസർകോട് എസ്പിക്ക്  പരാതി നൽകിയത്. എസ്പിക്ക് നൽകിയ പരാതി ബദിയഡുക്ക* പൊലീസിന് കൈമാറി. 

ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് മ‍ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തൽ. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നാണ് സുന്ദര പറഞ്ഞത്. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios