മുൻ കോന്നി സിഐയും ഇപ്പോള്‍ ആലപ്പുഴ ഡിവൈസ്‍പിയുമായ എംആര്‍ മധുബാബുവിനെതിരെ കൂടുതൽ ആരോപണവുമായി പത്തനംതിട്ട സ്വദേശി വിജയൻ ആചാരി. മോഷണ സ്വര്‍ണം വാങ്ങിയെന്ന് പറഞ്ഞ് മധുബാബു ഉപദ്രവിച്ചുവെന്നും മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചെന്നും ആരോപണം
തിരുവനന്തപുരം: ആലപ്പുഴ ഡിവൈഎസ്‍പിയായ എംആര്‍ മധുബാബുവിനെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരനായ പത്തനംതിട്ട സ്വദേശി വിജയൻ ആചാരി. മധുബാബു കോന്നി സിഐ ആയിരിക്കെ നിരവധി കേസുകളിൽ പെടുത്തിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും വിജയൻ ആചാരി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് ആവറിൽ വെളിപ്പെടുത്തി. മോഷണ സ്വര്‍ണം വാങ്ങിയെന്ന് പറഞ്ഞ് ഉപദ്രവിച്ചുവെന്നും മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചെന്നും വിജയൻ ആചാരി പറഞ്ഞു. തന്‍റെ ജീവിതം വഴിമുട്ടിച്ച വ്യക്തിയാണ് മധുബാബു. കോടതിയിലേക്ക് പോകുമ്പോഴും ഭീഷണിപ്പെടുത്തി. പേടിച്ചിട്ടാണ് താൻ പൊലീസിനെതിരെ പരാതി കൊടുക്കാതിരുന്നത്. കോടതിയിൽ മൊഴി കൊടുക്കാൻ പോകുമ്പോൾ സിഐ മധുബാബു ഭീഷണിപ്പെടുത്തുമായിരുന്നു.
ഇന്നും മധുബാബുവിനെ കാണുമ്പോള്‍ പേടിയാണെന്നും വിജയൻ ആചാരി പറഞ്ഞു. തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. പിടിച്ചോണ്ട് പോയപ്പോൾ കുരുമുളക് സ്പ്രേ അടിച്ച. പത്തനംതിട്ട ജില്ലയിൽ താൻ കയറിയിറങ്ങാത്ത കോടതികളില്െന്നും വിജയൻ ആചാരി പറഞ്ഞു. അതേസമയം, തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ ആണെന്നും ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദനങ്ങളിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ് എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ ഫേസ്ബുക്കിലൂടെ കുറിപ്പുമായി ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു രംഗത്തെത്തിയത്. റിട്ടയർമെന്റ്നുശേഷം ഏമാന് ഇവന്‍റ് മാനേജ്മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും മധുബാബു പരിഹസിച്ചു. അണിയറയിൽ കൂടുതൽ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു ആരോപിച്ചു.
കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്‍എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്‍റ് ജയകൃഷ്ണൻ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. നിരവധി കേസുകളിൽ ഉള്‍പ്പെടുത്തിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമുള്ള പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയൻ ആചാരിയും രംഗത്തെത്തിയിരുന്നു.
ഇതിനിടെ, പത്തനംതിട്ടയിലെ എസ്എഫ്ഐ നേതാവിനെതിരായ മൂന്നാം മുറ പ്രയോഗത്തിൽ കോന്നി സിഐ മധുബാബുവിനെതിരെ അന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും ആഭ്യന്തര വകുപ്പ് നടപടിയെടുക്കാതിരുന്നതിന്‍റെ വിവരങ്ങളും പുറത്തുവന്നു. അപ്പീൽ പോകാനും അനുകൂല വിധി സമ്പാദിക്കാനും മധുബാബുവിന് അവസരം നൽകിയെന്ന് മാത്രമല്ല, സ്ഥാനക്കയറ്റം നൽകി ക്രമസമാധാന ചുമതലയിൽ നിയോഗിക്കുകയും ചെയ്തു. അതേസമയം പീച്ചി സ്റ്റേഷൻ ഹോട്ടലുടമയെ മർദ്ദിച്ച സിഐ രതീഷിന് അച്ചടക്ക നടപടിയുടെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് നൽകി. യുഡിഎഫ് ഭരണ കാലത്ത് കോന്നി സിഐ ആയിരുന്ന മധുബാബു സ്റ്റേഷനകത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പത്തനംതിട്ടയിലെ എസ്എഫ്ഐ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോടിന്‍റെ പരാതി.



