കാസര്‍ഗോഡ്: അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നലെ രാത്രി 12 മണിക്ക് പിന്‍വലിക്കുന്നതായി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിച്ച് എട്ട് മണിക്കൂറിന് ശേഷം തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അറിയിക്കുകയായിരുന്നു. 

കേരള പൊലീസ് ആക്ട് അനുസരിച്ചാണ് കാസര്‍ഗോഡ് എസ്പി ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അ‍ഞ്ച് സ്റ്റേഷനുകളിലായിരുന്നു നിരോധനാജ്ഞയെങ്കില്‍ ഇപ്പോള്‍ ഒന്‍പത് സ്റ്റേഷനുകളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ഈ മാസം 14-ാം തീയതി വരെ നിരോധനാജ്ഞ നിലനില്‍ക്കും എന്നാണ് പുതിയ അറിയിപ്പിലുള്ളത്.  മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നി സ്റ്റേഷന്‍ പരിധികളിലാണ് ഇപ്പോള്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ഈ പ്രദേശങ്ങളില്‍  അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതും, പ്രകടനങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയവ നടത്തുന്നതും പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. 

നിരോധനാജ്ഞയുമായി ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും ചിദ്രശക്തികളെ ഒറ്റപ്പെടുത്തുന്നതിനുള്ള അവസരമായി ഉപയോഗിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. നിരോധനാജ്ഞ 14-ാം തീയതി രാത്രി വരെ തുടരുമെന്നും സമാധാനം തകര്‍ത്ത് മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയേയും ശക്തമായി അടിച്ചമര്‍ത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു. 

കാസര്‍ഗോഡ് എസ്.പിയുടെ അറിയിപ്പ് - 

കാസർഗോഡ് ജില്ലയിൽ അയോദ്ധ്യ വിധിയെ തുടർന്നുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സാമൂഹിക വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ തടയേണ്ടതിലേക്കായി മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കേരളാ പോലീസ് ആക്ട് 78, 79  പ്രകാരം ഇന്ന് (11.11.2019) രാവിലെ 08.00 മണി മുതൽ നിരോധനാജ്ഞ    പ്രഖ്യാപിക്കുകയാണ്.  5 പേരിൽ കൂടുതൽ കൂട്ടം കൂടുന്നതും, പ്രകടനങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയവ നടത്തുന്നതും പൂർണ്ണമായും ഇതുവഴി നിരോധിച്ചിരിക്കുന്നു. ജനങ്ങൾ ഇതുമായി പൂർണമായും സഹകരിക്കണ മെന്ന് അഭ്യർത്ഥിക്കുന്നു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്ന തിന്നുള്ള  അവസരമായി ഇത് മുഴുവൻ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിർത്തുന്നതിനുള്ള  പ്രവർത്തനങ്ങളുമായി , എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു. അതിനായി ഈ അവസരം വിനിയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അറിയിക്കുന്നു. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. ഇതിനായി ഇപ്പോൾ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞ നവംബർ പതിനാലാം തീയതി രാത്രി 12 മണി വരെ തുടരുന്നതാണ്. സമാധാനം തകർത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമർത്തുമെന്ന്ഇതിനാൽ അറിയിക്കുന്നു.                                    

ജെയിംസ് ജോസഫ് IPS
ജില്ലാ പോലീസ് മേധാവി
കാസർഗോഡ് 

നവംബർ 11, 2019 - 08.00 AM