Asianet News MalayalamAsianet News Malayalam

മീന്‍ കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം നിഷേധിച്ച് പൊലീസ്; ദൃശ്യങ്ങള്‍ കൃത്രിമമായി ചിത്രീകരിച്ചതെന്ന് വാദം

ഡി കാറ്റഗറി നിയന്ത്രണങ്ങളുളള പാരിപ്പളളിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവോരത്ത് മീന്‍ വിറ്റവര്‍ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്ന കാര്യം  പൊലീസ് സമ്മതിക്കുന്നു. എന്നാല്‍ മീന്‍കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം തളളുകയാണ്.

Police deny allegations atrocities towards fisher old women in anjuthengu
Author
Kollam, First Published Jul 31, 2021, 5:06 PM IST

കൊല്ലം: കൊല്ലം പാരിപ്പളളിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ മല്‍സ്യത്തൊഴിലാളിയുടെ പക്കലുണ്ടായിരുന്ന മീന്‍ കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം നിഷേധിച്ച് പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്നാണ് പൊലീസ് വിശദീകരണം വന്നത്.  കൃത്രിമമായി സൃഷ്ടിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന വിശദീകരണമാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്.

പാരിപ്പളളി പരവൂര്‍ റോ‍ഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന വയോധികയ്ക്കെതിരെ പൊലീസ് നടപടിയുണ്ടായെന്ന ആരോപണത്തെ ചുറ്റി വലിയ ചര്‍ച്ചയാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്. പ്രാദേശിക  ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ ചുവട് പിടിച്ച് സംസ്ഥാനത്തെ പ്രധാന  രാഷ്ട്രീയ നേതാക്കളും, സാമൂഹ്യ പ്രവര്‍ത്തകരും പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഈ ആരോപണം പാടെ നിഷേധിക്കുകയാണ് പൊലീസ്. ഡി കാറ്റഗറി നിയന്ത്രണങ്ങളുളള പാരിപ്പളളിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവോരത്ത് മീന്‍ വിറ്റവര്‍ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്ന കാര്യം  പൊലീസ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ മീന്‍കുട്ട വലിച്ചെറിഞ്ഞ് മീന്‍ നശിപ്പിച്ചു എന്ന ആരോപണം പൊലീസ് തളളുകയാണ്.

പിഴ ചുമത്തിയ നടപടിക്കെതിരെ ആസൂത്രിതമായി ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് പൊലീസ് വാദിക്കുന്നു.  ഫേസ്ബുക്കിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമന്‍റിലൂടെയാണ് പൊലീസിന്‍റെ ഔദ്യോഗിക പേജില്‍ നിന്ന് വിശദീകരണം വന്നത്. മീന്‍ ഉപേക്ഷിക്കപ്പെട്ട നിലയിലെ ദൃശ്യങ്ങളല്ലാതെ പൊലീസ് ഇത് എറിയുന്ന ദൃശ്യങ്ങള്‍ ഇല്ല എന്ന കാര്യവും ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. വഴിയോര കച്ചവടത്തിനായി പതിനയ്യായിരം രൂപയുടെ മീന്‍ എത്തിച്ചു എന്ന വാദവും അവിശ്വസനീയമാണെന്നും പൊലീസ് പറഞ്ഞു. വിശദമായി അന്വേഷിച്ചെന്നും ആരോപണം തെറ്റാണെന്ന് കണ്ടെത്തിയെന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ടി . നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാല്‍, പൊലീസ് മീന്‍ കുട്ട വലിച്ചെറിഞ്ഞുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അഞ്ചുതെങ്ങ് സ്വദേശി മേരി വര്‍ഗീസ്. മുമ്പ് ശുചിമുറിയില്‍ പോയ ഓട്ടോ ഡ്രൈവര്‍ക്ക് 2000 രൂപ പിഴ ചുമത്തിയ സംഭവവും പാരിപ്പളളി സ്റ്റേഷനിലാണ് ഉണ്ടായത്. ഈ സംഭവത്തില്‍ ജില്ലാ കളക്ടറടക്കം പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും  വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരുന്നില്ല. പഴം വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനോട് ആക്രോശിക്കുന്ന പാരിപ്പളളി ഇന്‍സ്പെക്ടറുടെ നടപടിയും കഴിഞ്ഞ വര്‍ഷം ആദ്യ ലോക്ഡൗണ്‍ കാലത്ത് ഏറെ വിവാദമായിരുന്നു.

Follow Us:
Download App:
  • android
  • ios