ശശികലയുടെ റാലിക്ക് അനുമതി നിഷേധിച്ച് ചെന്നൈ പൊലീസ് കമ്മീഷണർ ഉത്തരവിറക്കി. എന്നാല്‍ പൊലീസ് നിയന്ത്രണം മറികടന്ന് ജയസമാധിയിലേക്ക് കടക്കുമെന്ന് ശശികലപക്ഷം അവകാശപ്പെട്ടു.
ചെന്നൈ: ജയില്‍മോചിതയായ ശശികലയുടെ ചെന്നൈ സന്ദര്‍ശനം ശക്തി പ്രകടനമാക്കാന്‍ അനുയായികള്‍ തയാറെടുക്കവേ സ്വീകരണ പരിപാടികള്‍ക്ക് പൊലീസ് അനുമതി നിഷേധിച്ചു. ശശികലയുടെ റാലിക്ക് അനുമതി നിഷേധിച്ച് ചെന്നൈ പൊലീസ് കമ്മീഷണർ ഉത്തരവിറക്കി. എന്നാല്‍ പൊലീസ് നിയന്ത്രണം മറികടന്ന് ജയസമാധിയിലേക്ക് കടക്കുമെന്ന് ശശികലപക്ഷം അവകാശപ്പെട്ടു.
ഹൊസൂര്‍ മുതല്‍ ചെന്നൈ വരെ വഴി നീളെ സ്വീകരണത്തിനാണ് പ്രവർത്തകർ ഒരുങ്ങുന്നത്. അണ്ണാഡിഎംകെയുടെ കൊടി വച്ച ആയിരം വാഹനങ്ങളുടെ അകമ്പടിയിൽ റാലിയും ഹെലികോപ്പ്റ്ററില്‍ പുഷ്പവൃഷ്ടിയുമടക്കം നൂറ് കണക്കിന് അനുയായികളെ അണിനിരത്തി മറീനയില്‍ ശക്തിപ്രകടനം നടത്താനായിരുന്നു തീരുമാനം. പ്രവേശനം വിലക്കിയെങ്കിലും ജയ സമാധി സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ശശികല. അണ്ണാഡിഎംകെയിലെ പകുതി എംഎല്‍എമാര്‍ ശശികലയ്ക്ക് പിന്തുണ അറിയിച്ചതായി ദിനകരന്‍ അവകാശപ്പെട്ടു. പ്രവര്‍ത്തകരോട് തിങ്കളാഴ്ച മറീനയില്‍ ഒത്തുകൂടാന്‍ ആഹ്വാനം നല്‍കി.
ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാവ് എം മണിക്ണഠന്‍ ഉള്‍പ്പടെ ബെംഗ്ലൂരുവില്‍ തുടരുകയാണ്. ശശികലയെ ജനറല്‍ സെക്രട്ടറി എന്ന് വിശേഷിപ്പിച്ച് ചെന്നൈയില്‍ ഒപിഎസ് പക്ഷം പോസ്റ്റര്‍ പതിച്ചു. വിമത നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപിഎസ്.
