Asianet News MalayalamAsianet News Malayalam

ശബരിമലയിൽ പൊലീസും ദേവസ്വംബോർഡും നേർക്കുനേർ, സുരക്ഷാ ജീവനക്കാർക്ക് നേരെ ഗുരുതര ആരോപണം

ക്യൂ സംവിധാനം ഒഴിവാക്കി ദർശനത്തിന് ആളുകളെ കൊണ്ടുവരുന്നതിനെ ചൊല്ലി ദേവസ്വം ബോർഡും പൊലീസും തർക്കം. ജീവനക്കാരിൽ ചിലർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് ശബരിമല സ്പെഷ്യൽ ഓഫീസർ.

police devasom board clash at sannidhanam
Author
Sannidhanam, First Published Dec 2, 2019, 8:18 AM IST

സന്നിധാനം: ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തരെ കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം ബോർഡും പൊലീസുമായുള്ള തർക്കം രൂക്ഷമായി. സന്നിധാനത്ത് ജോലി ചെയ്യുന്ന ദേവസ്വം സുരക്ഷാ ജീവനക്കാരിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തീർഥാടകരോട് മോശമായി പെരുമാറുന്നെന്നും പൊലീസ് സ്പെഷ്യൽ ഓഫീസറായിരുന്ന രാഹുൽ ആർ നായർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. അതേസമയം, പൊലീസിന്‍റെ ആരോപണങ്ങൾ ദേവസ്വം ബോർഡ് തള്ളി.

ക്യൂ സംവിധാനം ഒഴിവാക്കി ദർശനത്തിന് ആളുകളെ കൊണ്ടുവരുന്നതിനെ ചൊല്ലിയാണ് ദേവസ്വം ബോർഡും പൊലീസുമായുള്ള തർക്കം. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ ബന്ധുവിനെ ദർശനത്തിന് കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം സുരക്ഷാ ജീവനക്കാരനും പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായി. ഇതേതുടർന്ന് ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ സ്പെഷ്യൽ ഓഫീസറായിരുന്ന രാഹുൽ ആർ നായർ പോലീസ് ഇൻറലിജൻസിന് നിർദേശം നൽകി.

ജീവനക്കാരിൽ ചിലർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും, ഇവരെ അതീവ സുരക്ഷാ മേഖലയായ സോപാനത്ത് നിന്ന് ഒഴിവാക്കണമെന്നുമാണ് സ്പെഷ്യൽ ഓഫീസർ ഡിജിപിക്ക് നൽകിയ റിപ്പോർട്ട്. എന്നാൽ സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥർ അമിത അധികാരം ഉപയോഗിക്കുന്നുവെന്നാണ് ദേവസ്വം ബോ‍ർഡിന്‍റെ വാദം.

പൊലീസ് ക്ലീയറൻസ് അടക്കം എല്ലാ സുരക്ഷാ പരിശോധനകളും കഴിഞ്ഞാണ് ജീവനക്കാരെ സന്നിധാനത്ത് നിയോഗിക്കുന്നതെന്ന് വിശദീകരിച്ച ബോർഡ് ദേവസ്വം വിജിലൻസും പരിശോധനകൾ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി. മുൻ സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് പൂർണമായി തള്ളുകയാണ് ദേവസ്വം ബോർഡ്. അതേസമയം, പൊലീസുമായുള്ള തർക്കത്തിൽ ദേവസ്വം മന്ത്രിയെ ബോർഡ് അതൃപ്തി അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios