ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ല. വർക്കല സ്വദേശി അനുവിനെയാണ് കഴിഞ്ഞ ആഴ്ച ചാവടിമുക്ക് ജംഗ്ഷനിൽ വച്ച് മർദ്ദിച്ച് അവശനാക്കിയത്.
തിരുവനന്തപുരം : തിരുവനന്തപുരത്ത് (Trivandrum) പ്ലസ് ടു വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ പരാതി കൊടുത്ത യുവാവിനെ മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് (Police). ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. വർക്കല സ്വദേശി അനുവിനെയാണ് കഴിഞ്ഞ ആഴ്ച ചാവടിമുക്ക് ജംഗ്ഷനിൽ വച്ച് ഒരു സംഘം മർദ്ദിച്ച് അവശനാക്കിയത്. അനുവിന്‍റെ വീടിന്‍റെ പരിസരത്തുള്ള സ്കൂളിലെ ചില പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗവും ബൈക്ക് റൈഡും നടത്തിയിരുന്നു. ഇതിനെ പ്രദേശവാസികള്‍ പല തവണ ചോദ്യം ചെയ്യുകയും നിര്‍ത്താതായതോടെ സ്കൂളില്‍ പരാതി കൊടുത്തിരുന്നു.
എന്നിട്ടും പ്രശ്‍ന പരിഹാരം ഇല്ലാതായതോടെ അനുവിന്‍റെ നേതൃത്വത്തില്‍ പ്രദേശത്തെ 40 പേര്‍ ഒപ്പിട്ട പരാതി പൊലീസിന് കൈമാറുകയായിരുന്നു. ഇതില്‍ പ്രകോപിതരായ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അനുവിന്‍റെ വീട്ടിന് മുന്നിലെത്തി ഭീഷണി മുഴക്കി. ഈ സംഭവത്തിലും വര്‍ക്കല ഡിവൈഎസ്പിക്ക് പരാതി നല്‍കിയതായി അനു പറയുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 ന് രാത്രി 10.30 ന് അനുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് വീണ അനുവിനെ നാട്ടുകാർ ചേർന്നാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ അനുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
