ആലപ്പുഴ: ആലപ്പുഴയിൽ ലൈസൻസ് ഇല്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ പൊലീസ് നടത്തിയ പരിശോധന പ്രഹസനമായി. സർവീസ് നടത്തുന്നതിൽ പകുതിയിലേറെ ബോട്ടുകൾക്ക് ലൈസൻസ് ഇല്ലെന്ന് വ്യക്തമായിട്ടും ഒരെണ്ണം പോലും പിടികൂടാനായില്ല എന്നത് വിചിത്രമാണ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പുന്നമട, മുഹമ്മ എന്നിവടങ്ങളിലാണ് പൊലീസ് പരിശോധനയ്ക്ക് ഇറങ്ങിയത്. ആഢംബര ബോട്ടുകളിൽ ഇരുന്നും കിടന്നും പരിശോധിച്ചു. എന്നാല്‍ നടപടിയെക്കുറിച്ച് മാത്രം ചോദിക്കരുത്. ഒന്നും ഉണ്ടായില്ല. 

പൊലീസ് പരിശോധനയ്ക്ക് ഇറങ്ങുന്നു എന്ന വിവരം ഹൗസ് ബോട്ട് ഉടമകളുടെ വാട്‍സ് ആപ്പ് ഗ്രൂപ്പുകളിൽ നേരത്തെ തന്നെ പ്രചരിച്ചു. ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ ആലപ്പുഴയ്ക്ക് പുറത്തേക്ക് ഉടമകൾ മാറ്റി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന തുടരുമെന്നാണ് പൊലീസ് വിശദീകരണം. അതേസമയം, വേമ്പനാട്ട് കായലിൽ കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായ ഹൗസ് ബോട്ടിന്‍റെ ഉമയ്ക്കെതിരെ മുഹമ്മ പൊലീസ് ക്രിമിനൽ കേസെടുത്തേക്കും. ഏഴു വർഷം ലൈസൻസ് ഇല്ലാതെ വിനോദസഞ്ചാരികളുമായി ബോട്ട് കായൽ യാത്ര നടത്തിയെന്ന് കണ്ടെത്തിയിരുന്നു. 

Read More: ആലപ്പുഴയിൽ തീപിടുത്തമുണ്ടായ ഹൗസ് ബോട്ടിന് ലൈസൻസ് ഇല്ല; പ്രവര്‍ത്തിച്ചത് ആറ് വര്‍ഷം...