തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജനറൽ ആശുപത്രി ഡോക്ടർ രാ​ഗേഷ്. രക്ത പരിശോധനയ്ക്ക് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡോക്ടർ രാ​ഗേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദേഹപരിശോധനയിക്കായി ശ്രീറാമിനെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ അദ്ദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ, അപ്പോഴോന്നും ശ്രീറാമിന്റെ രക്ത പരിശോധന വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. ശ്രീറാമിന് പുറകെ എത്തിയ സുഹൃത്ത് വഫാ ഫിറോസിന്റെ രക്ത സാംമ്പിളുകൾ എടുത്തിരുന്നു. വഫയാണ് വാഹനമോടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്.

വഫയുടെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. അതേസമയം, ഒരു വ്യക്തി രക്ത സാംമ്പിൾ നൽകാൻ തയ്യാറല്ലെങ്കിൽ നിർബന്ധിച്ച് എടുക്കാൻ കഴിയില്ല. അറസ്റ്റിലായ പ്രതികളുടെ മാത്രം ബലംപ്രയോ​ഗിച്ച് രക്ത സാംമ്പിളുകൾ എടുക്കാമെന്നും ഡോക്ടർ വ്യക്തമാക്കി.