വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചത്.
തിരുവനന്തപുരം: നിരവധി കേസുകളിൽ നിർണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത. നായ ചത്തത് വിഷം ഉള്ളിൽചെന്നാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടു. മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടിയും എടുത്തു.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി. കഴിഞ്ഞ മാസം 20നാണ് ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി ചത്തത്. നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ദുരൂഹതകൾ വഴി തുറക്കുന്നത്. കല്ല്യാണിയുടെ ആന്തരിക അവയവങ്ങളിൽ കണ്ടെത്തിയ വിഷാംശമാണ് സംശയങ്ങൾക്ക് പിന്നിൽ. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ട് ചെയ്തതനുസരിച്ച് നായയുടെ ആന്തരിക അവയവങ്ങൾ വിശദമായ രാസ പരിശോധനയ്ക്ക് അയച്ചു. വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തിൽ കെ 9 സ്ക്വാഡിലെ മറ്റ് നായകളെ പരിശോധിച്ചെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. കല്യാണിയുടെ ഉള്ളിൽ മാത്രം എങ്ങനെ വിഷം എത്തിയെന്നതിലാണ് വ്യക്തത വരേണ്ടത്.
സംഭവത്തില്‍ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മൂന്ന് പൊലീസുകാർക്കതിരെ നടപടി എടുത്തിരിക്കുന്നത്. ഡോഗ് സ്ക്വാഡ് എസ് ഐ ഉണ്ണിത്താൻ, പട്ടിയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് നടപടി. ഡോഗ് സ്ക്വാഡിലെ പൊലീസുകാർക്കിടയിലെ തർക്കങ്ങളാണോ സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലെൻസ് പുരസ്ക്കാരം അടക്കം നിരവധി ബഹുമതികൾ കല്ല്യാണി നേടിയിട്ടുണ്ട്. സേനയിലെ ഏറ്റവും മിടുക്കിയെന്ന പരിവേശമുള്ള നായക്ക് പൊലീസിനകത്തും പുറത്തും നിരവധി ആരാധകരുണ്ടായിരുന്നു.
ജീവനെടുത്ത് കടുവ; വയനാട്ടിൽ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍

