കോലഞ്ചേരി: എറണാകുളം കോലഞ്ചേരിയിൽ 75 കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ബലാത്സംഗത്തിനും എസ്സിഎസ്‍ടി നിയമപ്രകാരവുമാണ് കേസെടുത്തത്. മൂവാറ്റുപുഴ ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൂരപീഡനത്തിന് ഇരയായിതായി കുടുംബം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച വൈകിട്ടാണ് ദേഹമാസകലം മുറിവുകളുമായി 75 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുകയിലയും ചായയും നൽകാം എന്നു പറഞ്ഞു അയൽവാസി കൂട്ടി പോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പീഡനത്തിന് ഇരയായ 75 കാരിയുടെ മകൻ ആരോപിച്ചു. വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ  മുറിവുകളുണ്ട്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ഇന്ന് ഇവരെ സന്ദർശിക്കും. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അയൽവാസികളായ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത് വരികയാണ്. പീഡനത്തിന് ഇരയായ 75 കാരിക്ക് മാനസികാസ്വാസ്ത്യവും ഓർമക്കുറവുമുണ്ട്. ഇവർ ഡോക്ടറോടും പൊലീസിനോടും പറഞ്ഞ കാര്യങ്ങളിലും വരുധ്യമുണ്ട്. ഇത് അന്വേഷണത്തെ ബാധിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.