മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്.  പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു. 

കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ (Bindu Ammini) ആക്രമിച്ച ആളെ കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 
ബിന്ദുവിൻ്റെ പരാതിയിൽ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകളില്‍ പൊലീസ് കേസെടുത്തു.

Read Also: ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം, തിരിച്ചടി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുർഗയ്ക്കൊപ്പം ബിന്ദു അമ്മിണിക്കും പൊലീസ് സംരക്ഷണം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതിനെ തുടർന്ന് ബിന്ദു അവർക്കെതിരെ പരാതി നൽകിയിരുന്നു. മറ്റൊരു ഉദ്യോഗസ്ഥയെ നിയമിക്കുന്നതിനു പകരം പൊലീസ് സംരക്ഷണം പിൻവലിക്കുകയാണ് ചെയ്തതെന്ന് ബിന്ദു ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു. നേരത്തെ കൊച്ചിയിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ വെച്ച് ഒരാൾ ബിന്ദു അമ്മിണിയുടെ കണ്ണിൽ മുളകുവെള്ളം ഒഴിച്ചിരുന്നു. . ഒരു മാസം മുമ്പ്
കൊയിലാണ്ടിയിൽ ഓട്ടോ മനപൂർവം ഇടിപ്പിച്ചതിനെ തുടർന്ന് ബിന്ദുവിൻ്റെ മൂക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read Also: 'മര്‍ദ്ദിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍';നിരന്തരം ആക്രമിക്കപ്പെടുന്നു,നീതി ലഭിക്കുന്നില്ലെന്ന് ബിന്ദു അമ്മിണി

YouTube video player