വയനാട്:  പടിഞ്ഞാറേത്തറയിലെ ബാണാസുര വനമേഖലയിൽ വച്ച് മാനന്തവാടി എസ് ഐ ബിജു ആന്റണിക്കും തണ്ടർബോൾട്ട് സംഘത്തിനുമെതിരെ മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നെന്ന് എഫ്ഐആർ. യൂണിഫോം ധരിച്ച ആയുധധാരികളായ 5 പേരിൽ കൂടുതൽ വരുന്ന സംഘമാണ് ആക്രമിച്ചത്.  ഇന്ന് രാവിലെ 9.15 കൂടിയാണ് ആക്രമണമുണ്ടായതെന്നും എഫ്ഐആറിൽ‌ പറയുന്നു. 

പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് സംശയമുണ്ട്. കേരള പൊലീസിൻ്റെ സായുധസേനാ വിഭാഗമായ തണ്ടർബോൾട്ടാണ് മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടിയത്. 

പടിഞ്ഞാറത്തറ, ബാണാസുര വനമേഖലയിൽ മീൻമുട്ടി വെള്ളച്ചാട്ടത്തിന് അടുത്താണ് ഏറ്റുമുട്ടൽ നടന്നത്. കൊവിഡിനെ തുടർന്ന് നിർജീവമായ വനത്തിനുള്ളിലെ പട്രോളിംഗ് സമീപകാലത്താണ് തണ്ടർബോൾട്ട് പുനരാരംഭിച്ചത്. ഏറ്റുമുട്ടലിൽ മരിച്ചയാൾക്ക് 35 വയസ്സ് തോന്നിക്കും. മാവോയിസ്റ്റുകളുടേതെന്ന് കരുതുന്ന ഒരു റൈഫിൾ സംഭവസ്ഥലത്ത് നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് തണ്ടർബോൾട്ടിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെന്ന് വിവരമുണ്ട്. 

പരിക്കേറ്റയാളുമായി മാവോയിസ്റ്റുകൾക്ക് അധികം ദൂരം സഞ്ചരിക്കാനാവില്ലെന്ന നിഗമനത്തിൽ തണ്ടർ ബോൾട്ട് സംഘം വനത്തിനുള്ളിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് കൂടുതൽ മാവോയിസ്റ്റുകളും പൊലീസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. അതേസമയം സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളേയോ നാട്ടുകാരേയോ കടത്തിവിടാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. വനത്തിലേക്കുള്ള എല്ലാ പാതകളും പൊലീസ് ഇതിനോടകം അടച്ചു കഴിഞ്ഞു.