കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ചടയമംഗലം മഞ്ഞപ്പാറ ജംഗ്ഷനില്‍ വച്ച് രാമാനന്ദൻ നായരേയും അജിയേയും ചടയമംഗലം പ്രൊബേഷൻ എസ്ഐ സജീം മര്‍ദ്ദിക്കുന്നത്.

കൊല്ലം: ചടയമംഗലത്ത് വയോധികനെ പൊലീസ് റോഡിലിട്ട് തല്ലിയ കേസില്‍ ഒരു വര്‍ഷമായിട്ടും കുറ്റപത്രം നല്‍കിയില്ല. ആരോപണ വിധേയനായ പൊലീസുകാരനെ സംരക്ഷിക്കാൻ ഉന്നതഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പിന് വന്നെന്ന് മര്‍ദ്ദനമേറ്റ രാമാനന്ദൻ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. തല്ലിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവും പൊലീസ് ഭീഷണി നേരിടുകയാണ്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രത്യേക പരമ്പര തുടരുന്നു... " ഇതാവരുത് പൊലിസ്"

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ചടയമംഗലം മഞ്ഞപ്പാറ ജംഗ്ഷനില്‍ വച്ച് രാമാനന്ദൻ നായരേയും അജിയേയും ചടയമംഗലം പ്രൊബേഷൻ എസ്ഐ സജീം മര്‍ദ്ദിക്കുന്നത്. ഇവിടെ വച്ചാണ് പൊലീസ് ഞങ്ങളെ തടഞ്ഞു നിര്‍ത്തിയത്. മാസ്ക് ഉണ്ടായിരുന്നു പക്ഷേ ഹെല്‍മറ്റ് ഉണ്ടായിരുന്നില്ല. കൈയില്‍ പൈസ ഇല്ലാത്തതിനാല്‍ ഞാൻ കോടതിയില്‍ അടയ്ക്കാമെന്ന് പറഞ്ഞു. ബലം പ്രയോഗിക്കണോ എന്ന് പറ‍ഞ്ഞ് കരണടത്ത് ഒറ്റയടി. എന്നിട്ട് എടുത്ത് ജീപ്പിലേക്ക് തള്ളി - രാമാനന്ദൻ നായർ പറയുന്നു. 

അച്ഛനേക്കാളും പ്രായമുള്ള ഒരാളോട് 26 വയസുകാരൻ പ്രൊബേഷൻ എസ്ഐ കാണിച്ച ക്രൂരത വലിയ വിവാദമായി സർക്കാരും പ്രതിരോധത്തിലായി. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന് ഒരാണ്ടിനോടടുക്കുമ്പോള്‍ ചടയമംഗലം സംഭവത്തിലേക്കൊരു തിരിഞ്ഞ് നോട്ടം.

വൻ വിവാദമായതോടെ എസ്ഐയെ തിരുവനന്തപുരത്തേക്ക് കഠിന പരിശീലനത്തിനയച്ചു. അഞ്ച് മാസത്തിന് ശേഷം സജീം വീണ്ടും പൊലീസ് സേനയിലേക്ക്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍. പരിശീലനത്തോടെ തീര്‍ന്നു ക്രൂരതയ്ക്കുള്ള ശിക്ഷ. ഈ കേസ് ഒരു വര്‍ഷമായിട്ടും അന്വേഷിച്ച് തീര്‍ന്നിട്ടില്ല ചടയമംഗംലം സിഐ. കേസ് ഒത്തുതീർപ്പാക്കാൻ കുറ്റപത്രം നൽകുന്നത് പരമാവധി വൈകിക്കുയാണ് പൊലീസ്. 

അടിച്ചതല്ല തള്ളിയതാണെന്ന് പറയാൻ പറഞ്ഞു..പക്ഷേ ഞാൻ കോടതിയില്‍ സത്യമേ പറയൂ - പൊതുനിരത്തിൽ മർദ്ദനും അപമാനവും നേരിടേണ്ടി വന്ന രാമനന്ദൻ നായർ പറയുന്നു. രാമനന്ദൻ നായരെ പൊലീസ് മര്‍ദ്ദിക്കുന്നത് ചിത്രീകരിച്ചത് സമീപത്തെ കടയിലെ ഒരു യുവാവാണ്. വാഹനമെടുത്ത് താൻ പുറത്തിറങ്ങിയാല്‍ പെറ്റിയടിക്കാൻ പൊലീസ് പിറകേ വരുമെന്ന് ക്യാമറയ്ക്ക് മുന്നില്‍ വരാൻ മടിച്ച ആ യുവാവ് പറയുന്നു. അന്ന് ഈ ചെറുപ്പക്കാരനെടുത്ത ദൃശ്യങ്ങളില്ലായിരുന്നുവെങ്കിൽ താൻ ഇപ്പോൾ പൊലീസിനെ ആക്രമിച്ചതിന് ജയിലിൽ കിടന്നേനെയെന്ന് പറയുന്നു രാമാനന്ദൻ നായർ.