Asianet News MalayalamAsianet News Malayalam

പട്ടത്ത് പ്രധാനമന്ത്രിക്കെതിരെ വാചകങ്ങളുമായി യുപി രജിസ്ട്രേഷന്‍ കാര്‍; പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത്

ഇന്ന് ഉച്ചയോടെയാണ് പട്ടം റോയൽ ക്ലബിന് മുന്നില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിക്ക് എതിരായ വാചകം വാഹനത്തിന് പുറത്ത് എഴുതിയിട്ടുണ്ട്.  150 കര്‍ഷകരെ മോദി കൊന്നെന്നാണ് എഴുതിയിരിക്കുന്നത്. 

Police  have taken into custody a vehicle carrying anti PM words in Pattom
Author
Trivandrum, First Published Jan 9, 2022, 7:14 PM IST

തിരുവനന്തപുരം: പട്ടത്ത് (Pattom) ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ (Narendra Modi)  വാചകങ്ങളെഴുതിയ യുപി രജിസ്ട്രേഷൻ കാറാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിൽ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തിൽ പഞ്ചാബ് സ്വദേശി എത്തിയത്. 

കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. അമിത വേഗതയിലായിരുന്നു കാർ ഹോട്ടലിന് മുന്നിൽ നിർത്തിയത്. സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ഇയാൾ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ആകെ പ്രകോപിതനായ ഇയാൾ പിന്നീട് ഹോട്ടലിൽ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി. 

ഹോട്ടൽ അധികൃതർ പൊലീസിന് വിവരം അറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ കടന്നുകളഞ്ഞു. കാർ സ്റ്റേഷനിലേക്ക് മാറ്റി പൊലീസ് പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളിൽ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാർ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ളതാണ് കാർ. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജൻസികളെയും പൊലീസ് അറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios