Asianet News MalayalamAsianet News Malayalam

ട്രെയിൻ യാത്രക്കാരെ മയക്കി കിടത്തി കൊള്ളയടിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

കവർച്ചയ്ക്ക് ഇരയായ മൂന്ന് സ്ത്രീകളുടേയും മൊഴി പൊലീസും റെയിവേ പൊലീസും രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കാണിച്ചിരുന്നു.

Police identified the culprit on the robbery in nizamudhin express
Author
Thiruvananthapuram, First Published Sep 12, 2021, 2:46 PM IST

തിരുവനന്തപുരം: ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീൻ-തിരുവനന്തപുരം ട്രെയിനിലെ മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് നിലവിലെ നിഗമനം. ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലും കേരളത്തിലും ആർപിഎഫ് തെരച്ചിൽ തുടങ്ങി. 

കവർച്ചയ്ക്ക് ഇരയായ മൂന്ന് സ്ത്രീകളുടേയും മൊഴി പൊലീസും റെയിവേ പൊലീസും രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായെ കവർച്ചയ്ക്ക് ഇരയായ വിജയശ്രീ എന്ന സ്ത്രീ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ഇരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ അസ്ഗർ ബാദ്ഷാ ഉണ്ടായിരുന്നതായി പറയുന്നു. മധുരയിലും നാഗർകോവിലിലുമടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. നേരത്തേയും സമാനമായ തരത്തിൽ മോഷണങ്ങൾ നടത്തിയ ആളാണ് അസ്ഗർ ബാദ്ഷാ എന്ന് റെയിൽവേ പൊലീസ് പറയുന്നു.
 
ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ്പ്രസ്സിലാണ് വൻ കവർച്ച നടന്നത്. തീവണ്ടിയിലെ മൂന്ന് വനിതാ യാത്രക്കാരെയാണ് മയക്കി കിടത്തി കൊള്ളയടിച്ചത്. തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകൾ അഞ്ജലിയേയും കോയമ്പത്തൂർ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയേയുമാണ് കവർച്ചക്കിരയായത്.

ചെങ്ങന്നൂരിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകൾ അ‍ഞ്ജലിയും കേരളത്തിലേക്ക് വന്നത്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയിൽ ബോധരഹിതരായ നിലയിൽ റെയിൽവേ പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയതായാണ് പരാതി. നിസ്സാമുദ്ദീനിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും. 

രാവിലെ യാത്രക്കാർ ഇറങ്ങിയ ശേഷം ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയിൽ കണ്ടെത്തിയത്. വിജയകുമാരിയെ പൊലീസ് വിളിച്ചെണീച്ചപ്പോൾ ആണ് കൊള്ളവിവരം പുറത്തറിയുന്നത്. ആർപിഎഫ് തൈക്കാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതോടെ മകൾക്ക് ബോധം തെളിഞ്ഞു എന്നാൽ ഇവർ ഇപ്പോഴും അർധബോധാവസ്ഥയിലാണുള്ളത്. ഇരുവരേയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

നിസ്സാമുദ്ദീൻ എക്സ്പ്രസ്സിലെത്തിയ കോയമ്പത്തൂർ സ്വദേശി ​ഗൗസല്യയാണ് ക‍വ‍ർച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാൾ. മറ്റൊരു ബോ​ഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് കവർച്ച ചെയ്തത്. ​ഗൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തീവണ്ടിയിൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. 

വിശദമായ മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യാവസ്ഥയിലല്ല മൂന്ന് പേരുമെന്നാണ് പൊലീസ് പറയുന്നത്. അബോധവാസ്ഥയിലായ വിജയകുമാരിയുടെ കമ്മലടക്കം  കവർന്നിട്ടുണ്ട്. ബോധം നശിക്കാനുളള സ്പ്രയോ മരുന്നോ നൽകിയ ശേഷമാണ് കവർച്ച നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios