ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍ര്‍ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തുന്നത്.

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന നടത്തുന്നു. പിവി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പൊലീസാണ് പരിശോധന നടത്തുന്നത്. ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍ര്‍ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തുന്നത്. 

വെള്ളയിൽ സിഐ ബാബുരാജ് , നടക്കാവ് സി.ഐ ജിജീഷ് ടൗണ്‍ എസ്ഐ വി.ജിബിൻ, എ.എസ്ഐ ദീപകുമാര്‍, സിപിഒമാരായ ദീപു.പി, അനീഷ്, സജിത.സി എന്നീ പൊലീസ് ഉദ്യോഗസ്ഥരും സൈബര്‍ സെൽ ഉദ്യോഗസ്ഥൻ ബിജിത്ത് എൽ.എ തഹസിൽദാര്‍ സി.ശ്രീകുമാര്‍, പുതിയങ്ങാടി വില്ലേജ് ഓഫീസര്‍ എം.സാജൻ എന്നിവരടങ്ങിയ സംഘമാണ് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്. 

കോഴിക്കോട് ലാൻഡ് റവന്യൂ തഹസിൽദാർ സി. ശ്രീകുമാറും സംഘത്തിലുണ്ട്. സെര്‍ച്ച് വാറണ്ടില്ലെന്നും പൊലീസിൻ്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് എന്നാണ് അസി. കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്. 

അതേസമയം പരിശോധനയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റര്‍ ഷാജഹാൻ അറിയിച്ചു. ഓഫീസിലെ മുഴുവൻ ജീവനക്കാരും സംവിധാനങ്ങളും ഇക്കാര്യത്തിൽ പൊലീസുമായി സഹകരിക്കുന്നുണ്ട്. ഓഫീസിലെ എല്ലാ സംവിധാനങ്ങളും പരിശോധിക്കാൻ പൊലീസിനെ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ പരിശോധന തീരുന്നത് വരെ ഓഫീസിൻ്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുന്നതിലെ പ്രതിഷേധം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഷാജഹാൻ വ്യക്തമാക്കി.

കഴിഞ്ഞ മാസം മുതൽ ഏഷ്യാനെറ്റ് ന്യൂസിനെ പൂട്ടുമെന്ന തരത്തിൽ പിവി അൻവര്‍ എംഎൽഎ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. പിന്നാലെ നിയമസഭയിൽ ഇതു സംബന്ധിച്ച് ഒരു ചോദ്യം വരുന്നു. ശേഷം എംഎൽഎ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തൊട്ടടുത്ത ദിവസം പൊലീസ് കേസെടുക്കുകയും പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിൽ പൊലീസെത്തി പരിശോധന നടത്തുകയുമാണ് ചെയ്തത്. ഗുരുതര സ്വഭാവമുള്ള പല കേസുകളിലും കാണിക്കാത്ത അതിവേഗം ഈ കേസിൽ പൊലീസിൽ കാണിക്കുന്നത് സംശയത്തിന് ഇട നൽകുന്നുണ്ട്. പിവി അൻവര്‍ എംഎൽഎയുടെ ഭൂമി കൈയ്യേറ്റവും തടയണ നിര്‍മ്മാണവും ആഫ്രിക്കയിലേക്കുള്ള യാത്രയും അടക്കം വിവിധ സംഭവങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്തകൾ നൽകിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിൽ പൊലീസ് സംഘം | Asianet News Office Attack