നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബത്തേരിയിലെ റിസോര്‍ട്ടില്‍ വെച്ച് പൂജാദ്രവ്യങ്ങടങ്ങിയ സഞ്ചിയില്‍ സികെ ജാനുവിന് 25 ലക്ഷം രൂപ ബിജെപി   ജില്ലാ സെക്രട്ടറിയായ പ്രശാന്ത് മലവയല്‍ കൈമാറിയെന്നായിരുന്നു പ്രസീദയുടെ മൊഴി. 

സുൽത്താൻ ബത്തേരി: ബത്തേരി നിയസഭാ മണ്ഡലത്തില്‍ മല്‍സരിക്കാന‍് സികെ ജാനുവിന് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ കോഴ നല്‍കിയെന്ന ആരോപണം കെട്ടിചമച്ചതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍. ജാനുവിന് കോഴ നല്‍കിയെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പ്രശാന്ത് മലവയലിനെ എഴര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മലവയൽ. 

നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബത്തേരിയിലെ റിസോര്‍ട്ടില്‍ വെച്ച് പൂജാദ്രവ്യങ്ങടങ്ങിയ സഞ്ചിയില്‍ സികെ ജാനുവിന് 25 ലക്ഷം രൂപ ബിജെപി ജില്ലാ സെക്രട്ടറിയായ പ്രശാന്ത് മലവയല്‍ കൈമാറിയെന്നായിരുന്നു പ്രസീദയുടെ മൊഴി. ഈ മൊഴിയെകുറിച്ചാണ് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്. 

ഇതു കൂടാതെ മാര്‍ച്ച് അവസാനം ബത്തേരിയിലേക്ക് കാസർഗോഡ് നിന്ന് ഇന്നോവാ കാറിൽ പണമെത്തിച്ചതിനെകുറിച്ചും അന്വേഷണ സംഘം വിശദീകരണം തേടി. കാസര്‍ഗോഡ് നിന്നും പണമെത്തിച്ചത് പ്രശാന്തെന്നായിരുന്നു പ്രസീദയുടെ മോഴി. ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണ സംഘത്തെ കാര്യങ്ങൾ ബോധിപ്പിച്ചതായും പ്രശാന്ത് മലവയൽ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. അതേസമയം യുവമോര്‍ച്ചയില്‍ രാജി തുടരുകയാണ്. ഇന്ന് 180-ത്തിലധികം പ്രവര്‍ത്തകര്‍ രാജിവെച്ചു. പ്രശാന്ത് മലവയലിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് നടപടിയെടുക്കണെന്നാവശ്യപ്പെട്ടാണ് പ്രവർത്തകരുടെ കൂട്ടരാജി. 

സികെ ജാനുവിന് 2016-ലെ തെരഞ്ഞെടുപ്പിനെക്കാല്‍ ഇത്തവണ വോട്ടു കുറഞ്ഞതോടെ തുടങ്ങിയതാണ് ബത്തേരിയിലെ‍ പ്രശ്നങ്ങള്‍. വോട്ടുകച്ചവടവും ബിജെപി ജില്ലാ നേതാക്കളുടെ സാമ്പത്തിക ക്രമക്കേടും അന്നു തന്നെ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ദിപുവം മണ്ഡലം പ്രസിഡന്‍റ് ലിലില്‍കുമാറും ചോദ്യം ചെയ്തിരുന്നു. 

സുൽത്താൻ ബത്തേരി മണ്ഡലത്തിൻ്റെ ചുമതലയില്ലാത്ത ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു ഇരുവരുടെയും പ്രധാന ആവശ്യം . ഇതു പരിഗണിക്കാതെ ഇന്നലെ ഇരുവരെയും പുറത്താക്കിയതാണ് യുവമോര്‍ച്ച പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. വിശദീകരണമില്ലാതെ നടത്തിയ ഈ പുറത്താക്കൽ നടപടിക്കെതിരെ ബി ജെ പിയിലും പ്രതിഷേധം പുകയുകയാണ്. 

ഇതിനോടകം ബത്തേരി കൽപറ്റ മണ്ഡലം കമ്മിറ്റികൾ രാജിവച്ചു. അഞ്ച് പഞ്ചായത്ത് കമ്മിറ്റികളും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബത്തേരിയിൽ മാത്രം 270 പ്രവർത്തകർ രാജി വച്ചിട്ടുണ്ടെന്നും ഇത് രണ്ടു ദിവസത്തിനുള്ളില്‍ ആയിരത്തലേറെ ആകുമെന്നുമാണ് ദീപുവിനെ അനുകൂലിക്കുന്നവരുടെ അവകാശവാദം.