മലപ്പുറം: തിരൂരിൽ കഴിഞ്ഞ 9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ മരിച്ച മൂന്നു മാസം പ്രായമായ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സ്വാഭാവിക മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകൾ അടച്ചുള്ള അന്വേഷണം നടത്താനാണ്  പൊലീസിന്‍റെ തീരുമാനം. ഇന്ന് കുട്ടിയുടെ മാതാപിതാക്കളായ റഫീഖ്‌, സബ്ന എന്നിവരിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. ഈ മൊഴികൾ കൂടി പരിശോധിച്ചായിരിക്കും പൊലീസിൻ്റെ തുടർ നടപടികൾ. 

മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ബന്ധുക്കൾ പ്രതികരിച്ചിട്ടുണ്ട്. റഫീഖ്-സബ്ന ദമ്പതികളുടെ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും ഒരു  വയസിൽ താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത്. ഒരു കുട്ടി നാലര വയസിലും മരിച്ചു. 93 ദിവസം പ്രായമുള്ള ആറാമത്തെ കുട്ടിയാണ് ഇന്ന് രാവിലെ മരിച്ചത്. പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് എല്ലാ മൃതദേഹങ്ങള്‍ കബറടക്കിയിരുന്നത്. 

ആറാമത്തെ കുട്ടി തിങ്കളാഴ്ച മരണപ്പെട്ടതിന് പിന്നാലെയാണ് അയല്‍വാസികളില്‍ ചിലര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി പൊലീസ് കേസായി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കൊരങ്ങത്ത് ജുമാമസ്ജിദില്‍ കബറടക്കിയ മൃതദേഹം തിരൂര്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ പൊലീസ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഇന്നലെ രാവിലെ ഖബറടക്കിയ കുട്ടിയുടെ മൃതദേഹം വൈകുന്നേത്തോടെയാണ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.