കൈതോലപ്പായ വിവാദത്തിൽ പൊലിസ് അന്വേഷണം മെല്ലോപകുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇന്നലെ പൊലിസ് നടപടികള്‍ ഊർജ്ജിതമാക്കിയത്
തിരുവനന്തപുരം: കൈതോലപ്പായയില്‍ സി പി എം നേതാക്കൾ പണം കടത്തിയെന്ന വിവാദ വെളിപ്പെടുത്തലിൽ മൊഴി രേഖപ്പെടുത്താൻ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ പൊലീസിന് മുന്നിലെത്തുമോ എന്ന് ഇന്നറിയാം. കൈതോലപ്പായ വിവാദത്തിൽ പൊലിസ് അന്വേഷണം മെല്ലോപകുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇന്നലെ പൊലിസ് നടപടികള്‍ ഊർജ്ജിതമാക്കിയത്. സി പി എം നേതാക്കള്‍ക്കെതിരെ കോടികളുടെ ആരോപണം ഉന്നയിച്ച ശക്തിധരനോട് ഇന്ന് മൊഴി നൽകാൻ കന്‍റോൺമെന്‍റ് പൊലീസാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അസി. കമ്മീഷണർ ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ ഹാജരാകുന്ന കാര്യത്തിൽ ശക്തിധരൻ തീരുമാനം അറിയിച്ചില്ല. അതുകൊണ്ടുതന്നെ ശക്തിധരൻ ഇന്നെത്തുമോ എന്നത് കണ്ടറിയണം. ശക്തിധരന്‍റെ ആരോപണം മുൻനിർത്തി കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ നൽകിയ പരാതിയിലാണ് കൈതോലപ്പായ ആരോപണത്തിലെ പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്നത്. ഇതിന് പുറമെ കോൺഗ്രസ് നേതാക്കൾ നൽകിയ മറ്റ് രണ്ട് പരാതികളിലും പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുന്നുവെന്ന കെ സുധാകരന്‍റെ പരാതിയിലും സുധാകരനെതിരായ പോക്സോ ആരോപണത്തിൽ ടി യു രാധാകൃഷ്ണൻ നൽകിയ പരാതിയിലുമാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുള്ളത്. പ്രതിപക്ഷ പരാതികളിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന ആക്ഷേപം തള്ളിക്കളഞ്ഞ് പൊലീസ് മേധാവി ഇന്നലെ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശക്തിധരൻ ഇന്നലെയും വിമർശനം കടുപ്പിച്ചിരുന്നു. സി പി എം നേതാക്കള്‍ രേഖകളില്ലാതെ പണം കൈപ്പറ്റിയെന്നാണ് പുതിയ പോസ്റ്റിലുടെ ശശിധരൻ ആവർത്തിച്ചത്. പാര്‍ട്ടി സെന്‍ററില്‍ കണക്കില്‍പ്പെടാത്ത പത്തുലക്ഷം രൂപ കൂടി എത്തിയെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ശക്തിധരൻ ആരോപിച്ചു. എവിടെനിന്നാണ് പണം സമാഹരിച്ചതെന്ന് പണം എത്തിയ കവറിന് മുകളില്‍ ഉണ്ടായിരുന്നുവെന്നും അത് ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നുവന്നൊരു ശതകോടീശ്വരനായ വ്യവസായിയുടേതണെന്നും ശക്തിധരന്‍ സൂചന നല്‍കുന്നു. വിഭാഗീയ കൊടുമ്പിരികൊണ്ട കാലത്തിന് ശേഷമാണ് സി പി എമ്മില്‍ കര്‍ക്കശമായ വരവ് ചെലവ് കണക്കുകളുടെ താളം തെറ്റിയതെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

