കൊല്ലം: മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു. കരമന പൊലീസ്‌ സ്റ്റേഷനിലെ അഡീഷണല്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ വിഷ്‌ണുപ്രസാദ്‌ ആണ്‌ മരിച്ചത്‌. ഇന്നലെയായിരുന്നു സംഭവം.

കൊല്ലം പുത്തന്‍തുറ സ്വദേശിയായ വിഷ്‌ണുപ്രസാദിന്റെ മകളുടെ വിവാഹം ഇന്ന്‌ ചവറ പരിമഠം ക്ഷേത്രത്തില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്‌. ആഘോഷച്ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെയാണ്‌ അദ്ദേഹം കുഴഞ്ഞുവീണത്‌. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.

അമരം എന്ന ചിത്രത്തിലെ രാക്കിളി പൊന്മകളേ എന്ന്‌ തുടങ്ങുന്ന പാട്ട്‌ പാടുന്നതിനിടെയാണ്‌ അത്യാഹിതം ഉണ്ടായത്‌. രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ....നിന്‍ മൗനം, പിന്‍വിളിയാണോ..എന്ന്‌ പാടിയതും വിഷ്‌ണുപ്രസാദ്‌ കുഴഞ്ഞുവീഴുകയായിരുന്നു. വേദിയില്‍ നിന്ന്‌ പാട്ടു പാടുന്ന വീഡിയോ, അദ്ദേഹത്തിന്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ നിരവധി പേരാണ്‌ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌.