തിരുവനന്തപുരം: പോക്സോ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ കോടതി അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.  തിരുവനന്തപുരം എസ്എപി ക്യാംപിലെ കോണ്‍സ്റ്റബിളായിരുന്ന ബാഹുലേയനെയാണ് കോടതി ശിക്ഷിച്ചത്. അ‍ഞ്ച് വര്‍ഷം കഠിനതടവ് കൂടാതെ 85000 രൂപ പിഴ ശിക്ഷയും ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് ബാഹുലേയനെതിരെ പോക്സോ കേസ് ചുമത്തി പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തതത്. 2018ലാണ് സംഭവം നടന്നത്.

പേരൂര്‍ക്കട എസ്എപി ക്യാംപിലെ പോലീസ് ബസ്സിലെ സഹായിയായ നാലാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. ബസില്‍ കണ്ടക്ടറുടെ ജോലികളും ഈ പെണ്‍കുട്ടിയാണ് ചെയ്തിരുന്നത്. ഈ ബസില്‍  വച്ചാണ് കേസിലെ പ്രതിയായ കോണ്‍സ്റ്റബിള്‍ ബാഹുലേയന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും. ബസിലെ ആളുകള്‍ ശ്രദ്ധിക്കാതിരിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. പീഡനം മൂലം പെണ്‍കുട്ടി കരഞ്ഞപ്പോള്‍ വായ് പൊത്തിപിടിച്ചിരുന്നുവെന്നും ഇരയായ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 

ഈ കുട്ടിയും പോലീസുകാരനും അയല്‍വാസികളാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ബാഹുലേയന്‍റെ വീട്ടില്‍ വച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് കേസ് അന്വേഷിച്ച പേരൂര്‍ക്കട പൊലീസ് കണ്ടെത്തിയത്. പീഡനം സഹിക്കാനാവാതെ  പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് കുട്ടിയുടെ പിതാവ് പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.