കാസര്‍കോട്: കാസര്‍കോട് ദേലംപാടി കല്ലട്ക്കയില്‍ പൊലീസിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. എസ്ഐ അടക്കം നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഒരു ഉദ്യോഗസ്ഥന്‍റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കല്ലട്ക്ക കോളനിയില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാതെ റോഡ് അടച്ചിരുന്നു. ഇത് നീക്കം ചെയ്യാനെത്തിയ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൊലീസ് എത്തി തടസ്സം നീക്കാൻ തുടങ്ങിയതോടെ സംഘടിച്ചെത്തിയ നാട്ടുകാർ പട്ടികയും മരക്കഷ്ണവും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കോളനിയില്‍ എത്തിയത്. 

ഇന്നലെ പെരുമ്പാവൂര്‍ ചെമ്പറക്കിയില്‍ യുവാക്കള്‍ പൊലീസിനെ കയ്യേറ്റം ചെയ്‍തിരുന്നു. വിലക്ക് ലംഘിച്ച് അനാവശ്യമായി റോഡിലിറങ്ങിയ സഹോദരങ്ങളായ യുവാക്കള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. വാഴക്കുളം നടക്കാവ് അങ്കണവാടിക്ക് സമീപത്ത് താമസിക്കുന്ന സഹോദരങ്ങളായ നിഷാദ്, നിഷാദിൽ എന്നിവരാണ് അമിതവേഗത്തിൽ ബൈക്ക് ഓടിച്ച് മലയിടംതുരുത്ത് ജംഗ്ഷനിലേക്ക് എത്തിയത്. 

ലോക്ക് ഡൌൺ ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാർ ഇവരെ തടഞ്ഞുനിർത്തി കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പ്രകോപിതരായ യുവാക്കൾ പൊലീസുകാരുടെ കഴുത്തിൽ പിടിച്ചുതള്ളുകയും യൂണീഫോം കീറുകയുമായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് സഹോദരങ്ങളായ നിഷാദിനേയും നിഷാദിലിനേയും പൊലീസ് കീഴ്പ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ ലംഘിച്ചതിനും യുവാക്കളെ അറസ്റ്റ് ചെയ്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക