നാലുമാസം മുമ്പ് അമ്മായിമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്‍റെ അച്ഛന്‍. കുഞ്ഞിന്‍റെ അച്ഛന്‍ ഷാരോണിനെയും അമ്മ ആതിരയെയും പൊലീസ് കസ്റ്റഡിയിലെടുക്കും.

ആലപ്പുഴ: പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ്. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്‍റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ചത്. നാലുമാസം മുമ്പ് അമ്മായിമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്‍റെ അച്ഛന്‍ എന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്‍റെ അച്ഛന്‍ ഷാരോണിനെയും അമ്മ ആതിരയെയും പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവർ അറിയിച്ചത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയല്‍വാസികളോട് പറഞ്ഞത്. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.

പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ ഒരു പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. പട്ടണക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പട്ടണക്കാട് പൊലീസ് കുട്ടിയുടെ വീടിന്‍റെ പരിസരത്തും വിശദമായ അന്വേഷണം നടത്തി. വീട്ടിലെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.