Asianet News MalayalamAsianet News Malayalam

പിണറായി പറഞ്ഞത് തെറ്റ്; ഷംസീറിന്‍റെ പേര് പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സിഒടി നസീര്‍

എഎൻ ഷംസീറിന്‍റെ പേര് പൊലീസ് മറച്ച് പിടിക്കുന്നത് എന്തിനെന്ന് അറിയില്ലെന്ന് പറയുന്ന നസീർ, പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 

police protect an Shamseer says cot naseer
Author
Kannur, First Published Jun 11, 2019, 10:52 AM IST

കണ്ണൂര്‍ : പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീർ. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ്. അവര്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും സംഭവത്തിൽ എ എൻ ഷംസീര്‍ എംഎൽഎയുടെ പങ്കും വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സിഒടി നസീര്‍ പറഞ്ഞു. 

വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങാൻ പൊലീസ് ശ്രമിച്ചെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും നസീർ ആരോപിക്കുന്നു. ആക്രമിച്ച കേസിൽ എഎൻ ഷംസീറിന്‍റെ പേരില്ലെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തെറ്റെന്നും സിഒടി നസീര്‍ വ്യക്തമാക്കി. ചിലരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കുകയെന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ നിയമനടപടി തുടരുമെന്നും സിഒടി നസീർ വ്യക്തമാക്കി. 

ആശയഭിന്നതയുള്ളവരെ ആക്രമിച്ച് കീഴടക്കുന്നതാണ് രീതി. മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഢാലോചനയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. തലശ്ശേരി സിഐ വിശ്വംഭരൻ വീട്ടിൽ വന്നാണ് മൊഴിയെടുത്തത് .തലശ്ശേരി എംഎൽഎ എ എൻ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സിഒടി നസീര്‍ പറയുന്നു. എന്നാൽ പൊലീസ് എന്തുകൊണ്ടാണ് പുറത്ത് പറയാത്തതെന്നും സിഒടി നസീര്‍ ചോദിക്കുന്നു. 

ആ വീഡിയോ ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. അക്രമരാഷ്ട്രീയം ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ പ്രതിനിധിയാണ് ഞാൻ. അത് ചൂണ്ടിക്കാട്ടിയാണ് വോട്ട് ചോദിച്ചതെന്നും നസീർ പറയുന്നു.

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. 

എംഎൽഎ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎൻ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. എഎൻ ഷംസീറിനെതിരായി സിഒടി നസീറിന്‍റെ ആരോപണങ്ങൾ പ്രതിപക്ഷം പലതവണ ഓര്‍മ്മിപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് അടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ശ്രദ്ധയിൽപ്പെടുത്തി. പൊതു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആവര്‍ത്തിച്ചു. എന്നാൽ സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

Follow Us:
Download App:
  • android
  • ios