Asianet News MalayalamAsianet News Malayalam

ജോലി തട്ടിപ്പ് കേസ് : ടൈറ്റാനിയത്തിൽ വീണ്ടും പൊലീസ് പരിശോധന, ശശികുമാരൻ തമ്പിയടക്കം ഒളിവിൽ

കേസിലെ മുഖ്യ പ്രതികളിലൊരാളായ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ മുറിയിലാണ് ഇന്നും പരിശോധന നടത്തുന്നത്.

police raid in titanium office over job frauds
Author
First Published Dec 20, 2022, 5:18 PM IST

തിരുവനന്തപുരം : ജോലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയം ഓഫീസിൽ ഇന്നും പൊലീസ് പരിശോധന. കേസിലെ മുഖ്യ പ്രതികളിലൊരാളായ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ മുറിയിലാണ് ഇന്നും പരിശോധന നടത്തുന്നത്.  വൈകീട്ട് മൂന്നുമണിയോടെയാണ് പൊലീസ് പരിശോധന തുടങ്ങിയത്. 

ഇന്നലെ ഇവിടെ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെത്തിയിരുന്നു. ഈ ഓഫീസ് മുറിയിൽ എത്തിച്ചാണ് ഉദ്യോഗാർത്ഥികളെ ശശികുമാരൻ തമ്പി ഇന്റർവ്യൂ ചെയ്തിരുന്നത്.  ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റകളും ഉദ്യോഗാർത്ഥികളുടെ പട്ടികയും ഇന്നലെ കണ്ടെടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കൂടുതൽ പരിശോധനക്കായി അന്വേഷണ സംഘമെത്തിയത്. ശശികുമാരൻ തമ്പി അടക്കമുള്ള പ്രതികൾ ഒളിവിലാണ്. 

അതിനിടെ ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാർ ഉണ്ടെന്നതിന് തെളിവുകളും പുറത്ത് വന്നു. അമരവിള എൽപി സ്കൂളിലെ അറബിക് അധ്യാപകൻ ഷംനാദും ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെന്ന് കണ്ടെത്തി. പൂജപ്പുര പൊലീസ് കേസെടുത്തു. 

ടൈറ്റാനിയം തട്ടിപ്പ് കേസിൽ ഇടനിലക്കാര്‍ വേറെയും , പുറത്തുവരുന്നത് വമ്പൻ തട്ടിപ്പിന്റെ കഥകൾ

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: പ്രതി ദിവ്യാ നായർ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ

എന്നാൽ അതേ സമയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഉദ്യോഗാർത്ഥിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കസ്റ്റഡ‍ിയില്‍ വിട്ടത്. ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ദിവ്യാനായരുടെ ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് കുറേയേറെ വിവരങ്ങള്‍ കിട്ടിയെന്നാണ് വിവരം. ഇനിയും കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 

Follow Us:
Download App:
  • android
  • ios