തിരുവനന്തപുരം: ഉച്ചയോടെ തിരുവനന്തപുരം യൂണിവേഴ്‍സിറ്റി ഹോസ്റ്റലിൽ പൊലീസിന്‍റെ മിന്നൽ റെയ്‍ഡ്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വൻ പൊലീസ് സംഘം യൂണിവേഴ്‍സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ ഇരച്ചെത്തിയത്. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കൂ എന്നും ഡിസിപി ആദിത്യ വ്യക്തമാക്കി.

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ബുധനാഴ്ച രാത്രി എസ്എഫ്ഐ പ്രവർത്തകനായിരുന്ന 'ഏട്ടപ്പൻ' മഹേഷ് കെഎസ്‍യു പ്രവർത്തകനായ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ മഹേഷ് നിതിൻ രാജിന്‍റെയും സുദേവ് എന്ന വിദ്യാർത്ഥിയുടെയും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിച്ചെന്നും ആരോപണമുയർന്നു. ഇതേത്തുടർന്ന് പിറ്റേന്ന് പ്രിൻസിപ്പാളിനെ കാണാനായി കെഎസ്‍യു സംസ്ഥാനപ്രസിഡന്‍റ് കെ എം അഭിജിത്ത് എത്തിയതിനെത്തുടർന്ന് യൂണിവേഴ്‍സിറ്റി കോളേജിന് മുന്നിൽ വൻ അക്രമമാണ് അരങ്ങേറിയത്.

എസ്എഫ്ഐയും കെഎസ്‍യുവും പരസ്പരം നേർക്കുനേർ ഏറ്റുമുട്ടി. യൂണിവേഴ്‍സിറ്റി കോളേജും മുന്നിലെ എം ജി റോഡും കലാപഭൂമിയായി. കല്ലേറും തമ്മിൽത്തല്ലുമായി. കെ എം അഭിജിത്തിനടക്കം നിരവധി കെഎസ്‍യു പ്രവർത്തകർക്കും, എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല റോഡിൽ കുത്തിയിരുന്നു. പിന്നീട് റോഡിന് മുന്നിൽ കുത്തിയിരുന്ന എസ്എഫ്ഐക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തപ്പോഴാണ് കെഎസ്‍യുക്കാർ സമരം അവസാനിപ്പിച്ചത്.

'ഏട്ടപ്പൻ' എന്ന് വിളിക്കുന്ന മഹേഷ് ഇപ്പോൾ ഒളിവിലാണ്. അക്രമം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും മഹേഷിനെ പൊലീസ് പിടികൂടാത്തതാണെന്ന ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പൊലീസിന്‍റെ ഹോസ്റ്റലിലെ മിന്നൽ റെയ്‍ഡ്.