തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂർ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബർ പൊലീസ് കേസെടുത്തു. മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കേസ് രജിസ്റ്റര്‍ ചെയ്ത് സൈബർ പൊലീസ് എഫ്.ഐ.ആർ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ചു. ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങൾ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച് സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്നുവെന്നായിരുന്നു മെൻസ് റൈറ്റ് അസോസിയേഷൻറെ പരാതി. ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകൾ ചുമത്തിയുള്ള എഫ്.ഐ.ആറാണ് പൊലീസ് കോടതിയിൽ നൽകിയിട്ടുള്ളത്.

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച വിജയ് പി നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മിയും അടങ്ങുന്ന സംഘം താമസ സ്ഥലത്ത് എത്തി കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രീലക്ഷ്മിക്കെതിരെ വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും നടന്നിരുന്നു.