മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
മലപ്പുറം: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുഞ്ഞിന്‍റെ മരണവുമായി ബന്ധപ്പെട്ട് മാതാവ് വിഞ്ജുഷയ്ക്കെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വിഞ്ജുഷയെയും മകന്‍ സയാന്‍ സിദ്ധിനെയും ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് വീട്ടില്‍നിന്ന് കാണാതായത്. ശ്രീനാഥിന്‍റെ അമ്മ ക്ഷേത്രത്തില്‍നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരെയും വീട്ടില്‍ കാണാനില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. വിഞ്ജുഷയുടെ ഫോണ്‍ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നതിനാല്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി.
ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ വീട്ടിന് സമീപത്തെ കിണറ്റിലാണ് ഇരുവരെയും കണ്ടെത്തിയത്. മുണ്ടക്കുളം സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കിണര്‍ മൂടിയിരുന്ന വലയുടെ ഒരുഭാഗത്ത് വിടവ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്. കുഞ്ഞിനെ കൈയില്‍ ചേര്‍ത്തുപിടിച്ച് കിണറിന്‍റെ പടവില്‍ പിടിച്ച നിലയിലായിരുന്നു വിഞ്ജുഷ. നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ വിഞ്ജുഷ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിന്‍റെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.


