കുരിശ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥ സംഘം പൊളിച്ചുമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ലാന്റ് റവന്യൂ തഹസിൽദാറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. 

ഇടുക്കി: പരുന്തുംപാറയിൽ വൻകിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്‌ഥാപിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. ജില്ലാ കളക്ടറുടെ നിരോധനാജ്ഞ ലംഘിച് നിർമാണം നടത്തിയതിനാണ് സജിത് ജോസഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി പീരുമേട് ലാന്റ് റവന്യൂ തഹസിൽദാർ പൊലീസിൽ പരാതി നൽകി. കയ്യേറ്റ ഭൂമിയിലെ കുരിശ് ഇന്നലെ റവന്യൂ ഉദ്യോഗസ്ഥ സംഘം പൊളിച്ചു മാറ്റിയിരുന്നു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏ‍ർപ്പെടുത്തിയെന്നും റവന്യൂമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. 

തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷമാണ് കുരിശ് നിർമിച്ചത്. അന്ന് പണികൾക്ക് ഉദ്യോഗസ്ഥർ മൗനാനുവാദം നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ സംഘമെത്തി കുരിശ് പൊളിച്ചത്.

അതേസമയം പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഇന്ന് സർവേ വകുപ്പ് ഡിജിറ്റൽ സർവേ തുടങ്ങും. മഞ്ജുമല, പീരുമേട് എന്നീ വില്ലേജുകളിലാണ് സർവേ നടക്കുക. മേഖലയിലെ സർക്കാർ ഭൂമിയും അളന്ന് തിട്ടപ്പെടുത്തും. ജില്ലാ കളക്ടർ നിയോഗിച്ച 15 അംഗ സംഘം രേഖകളുടെ പരിശോധനയും തുടങ്ങും. കയ്യേറ്റ ഭൂമിയെന്ന് കണ്ടെത്തിയ മഞ്ജുമല വില്ലേജിലെ സർവേ നമ്പർ 441ലെയും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534ലെയും രേഖകൾ വിശദമായി പരിശോധിക്കും. മേഖലയിൽ പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പ് പരിശോധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം