ആലപ്പുഴ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്. സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തു. ആലപ്പുഴ താമരക്കുളം സ്വദേശിക്കെതിരെയാണ് നൂറനാട് പൊലീസ് കേസെടുത്തത്. 

അതിനിടെ കൊറണ വൈറസ് ബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട് ജില്ലയിലേക്ക് വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ടൂറിസം കേന്ദ്രങ്ങളും പതിവ് രീതിയില്‍ പ്രവര്‍ത്തനം തുടരുന്നതായും കളക്ടര്‍ വ്യക്തമാക്കി.