കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ്. ഹാരിസിന്റെ കുടുംബം നൽകിയ പരാതിയിൽ കളമശേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച ഇല്ലെന്ന കണ്ടെത്തൽ. ഇക്കാര്യം പൊലീസ് ഹാരിസിന്റെ ബന്ധുക്കളെ രേഖാമൂലം അറിയിച്ചു.

എന്നാൽ പൊലീസ് നടപടി ആശുപത്രി അധികൃതരുടെ മുഖം രക്ഷിക്കാനാണെന്ന് ഹാരിസിന്റെ കുടു൦ബ൦ ആരോപിച്ചു. ഡിജിറ്റൽ തെളിവ് പൊലീസ് ശേഖരിച്ചിട്ടില്ല. സൂ൦ മീറ്റിംഗ് വിശദാ൦ശങ്ങളോ, ഓഡിയോ സന്ദേശം സംബന്ധിച്ച വിവരങ്ങളോ പൊലീസ് ശേഖരിച്ചില്ല. ഇത് കേസ് ഒതുക്കി തീ൪ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും തുട൪ നടപടികൾ സ്വീകരിക്കുമെന്നും കുടുംബം പ്രതികരിച്ചു.

ചികിത്സ അനാസ്ഥ സംബന്ധിച്ച് മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. 'വാർഡിലേക്ക് മാറ്റാവുന്ന രീതിയിൽ സുഖപ്പെട്ട രോഗിയായിരുന്ന ഹാരിസ് അശ്രദ്ധമൂലമാണ് മരിച്ചത്. ഡോക്ടർമാർ ഇടപെട്ട്  വിവരങ്ങൾ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാൽ മാത്രമാണ് ജീവനക്കാർ രക്ഷപ്പെട്ടതെന്നുമായിരുന്നു ജലജ ദേവിയുടെ ഓഡിയോ സന്ദേശത്തിലുണ്ടായിരുന്നത്. ഇത് പുറത്തായതോടെ ഹാരിസിന്റെ ബന്ധുക്കൾ ആശുപത്രി ജീവനക്കാർക്കെതിരെ പരാതി നൽകുകയായിരുന്നു.  കൊവിഡ് ബാധിച്ച് മരിച്ച ആലുവ സ്വദേശികളായ ബൈഹക്കി, ജമീല എന്നിവരുടെ ബന്ധുക്കളും ആസുപത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.