Asianet News MalayalamAsianet News Malayalam

പന്തീരാങ്കാവ് കേസ്; അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

താഹയെയും അലനെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ട സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. രക്ഷപ്പെട്ട മൂന്നാമനായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു

police request for custody of thaha and alan in uapa case
Author
Kozhikode, First Published Nov 7, 2019, 7:02 AM IST

കോഴിക്കോട്: പന്തീരാങ്കാവ് കേസിൽ കോടതി ജാമ്യം നിഷേധിച്ച അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും  കസ്റ്റഡിയിൽ വാങ്ങാനായി അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും. പ്രതികളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ട സാഹചര്യത്തിലാണിത്.

രക്ഷപ്പെട്ട മൂന്നാമനായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് യുഎപിഎ കേസ് സ്ഥാപിക്കാനാണ് പൊലീസ് ശ്രമം. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് തൃശ്ശൂർ വിയ്യൂർ ജയിലിലേക്ക് മാറ്റുന്നതിലും ഉടൻ തീരുമാനം ഉണ്ടായേക്കും.

ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുടേയും കുടുംബം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അലന്‍ ഷുഹൈബിന്‍റേയും താഹ ഫസലിന്‍റേയും ജാമ്യാപേക്ഷ ഇന്നലെയാണ് കോടതി തള്ളിയത്. യുഎപിഎ കേസായാതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നും പ്രതികള്‍ പുറത്തു പോകുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.

അലനോടും താഹയോടും സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംസാരിക്കാമെന്ന് കോടതി അറിയിച്ചു. സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുക. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ.

Follow Us:
Download App:
  • android
  • ios