Asianet News MalayalamAsianet News Malayalam

ആകെ കിട്ടിയ തുമ്പ് 'ഗിഫ്റ്റ് ഓഫ് ഗോഡ്'; കുതിരാനില്‍ ക്യാമറയും ലൈറ്റും തകര്‍ത്ത ലോറി പൊലീസ് പൊക്കിയത് ഇങ്ങനെ

നിർമ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പീച്ചി പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Police says about lorry brokened the lights in kuthiran tunnel
Author
Thrissur, First Published Jan 21, 2022, 11:22 PM IST

തൃശൂർ: 'ഗിഫ്റ്റ് ഓഫ് ഗോഡ്', ദൈവത്തിന്‍റെ സമ്മാനം- ഈ ഒറ്റവാക്കിന്‍റെ സഹായത്തോടെയാണ് തൃശൂർ കുതിരാൻ തുരങ്കത്തിലെ (Kuthiran Tunnel) ലൈറ്റുകളും ക്യാമറകളും തകർത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ടിപ്പര്‍ ലോറി പൊലീസ് പിടികൂടിയത്. നിർമ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പീച്ചി പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപയുടെ നഷ്ടമാണ് അപകടത്തില്‍ സംഭവിച്ചത്.

സംഭവം ഇങ്ങനെ....

ഇന്നലെ രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. തുരങ്കത്തിലേയ്ക്ക് കയറുന്നതിന് മുമ്പേതന്നെ ലോറിയുടെ പിൻഭാഗം ഉയർന്നിരുന്നു. ഇത് ലൈറ്റുകളിലും ക്യാമറകളിലും ഉരസിയാണ് നാശനഷ്ടം സംഭവിച്ചത്.  ഒന്നാം തുരങ്കത്തിലെ നൂറ്റിനാല് ലൈറ്റുകൾ ടിപ്പർ ലോറി തകർത്തു. ഇതിന് പുറമെ കാമറകളും. തൊണ്ണൂറ് മീറ്റർ ദൂരത്താണ് നാശനഷ്ടം. മറ്റു വാഹനങ്ങളിലേക്ക് ലൈറ്റുകൾ വീഴാതിരുന്നതിനാൽ കൂടുതൽ അപകടമുണ്ടായില്ല. തൊണ്ണൂറ് മീറ്റർ ദൂരത്തോളം വെളിച്ച സംവിധാനം തകരാറിലായി. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിക്കായി തുരങ്കത്തിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളുമായാണ് പീച്ചി പൊലീസ് അന്വേഷണം നടത്തിയത്.

എന്നാല്‍ സിസിടിവി ക്യാമറാ ദ്യശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ല. ഗിഫ്റ്റ് ഓഫ് എന്ന എഴുത്ത് മാത്രമായിരുന്നു ആകെ കിട്ടിയ പിടിവള്ളി. പിന്നീട് പൊലീസ് ഈ വാചകം എഴുതിയ ലോറികള്‍ തിരഞ്ഞു. ഒടുവില്‍, ലോറി പ്രദേശവാസിയുടേതെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ലോറി പിടിച്ചെടുത്തത്. ലോറി ഓടിച്ചിരുനനത് ചുവന്നമണ്ണ് സ്വദേശി ജിനേഷാണ്. മണ്ണടിച്ച ശേഷം ലോറിയുടെ പിൻഭാഗം താഴ്ത്താൻ മറന്നു പോയതാണെന്ന് ജിനേഷ്  പൊലീസിനെ അറിയിച്ചു. തുരങ്കത്തിന്റെ ഒരുഭാഗത്ത് വെളിച്ചമുള്ളതിനാൽ യാത്രാതടസമുണ്ടാകില്ല. തകർന്ന ലൈറ്റുകൾ ഓർഡർ ചെയ്തു വരുത്താൻ കാലതാമസമെടുക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios