തിരുവനന്തപുരം: കാട്ടാക്കട കൊലപാതകത്തിൽ രണ്ട് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. അനീഷ്, ലാൽ കുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിയായ ടിപ്പർ ഉടമ ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കീഴാരൂർ, ഒറ്റശേഖരമംഗലം എന്നിവിടങ്ങളിൽ നിന്നാണ് അനീഷിനെയും ലാൽകുമാറിനെയും പിടുകൂടിയത്.  ചെമ്പൂര് സ്വദേശിയാണ് ഉണ്ണിയെന്ന് അറിയപ്പെടുന്ന ലാൽകുമാർ. ഒറ്റശേഖമംഗലം സ്വദേശിയാണ് അനീഷ്.  ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിൻ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു.

ടിപ്പർ ഉടമയായ ഉത്തമനെയും കസ്റ്റഡിയിലെടുത്തെന്നാണ് സൂചനയെങ്കിലും വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൃത്യത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറ് പേരുമാണ് പ്രതിപ്പട്ടികയിൽ.  ജെസിബി ഉടമയും ചാരുപാറ സ്വദേശിയുമായ സജുവിനായി തെരച്ചിൽ തുടരുകയാണ്. പ്രതികളുമായി നാളെ പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും. കേസിൽ പൊലീസ് അനാസ്ഥ കാട്ടിയെന്ന്  തുടക്കം മുതൽ ആക്ഷേപമുണ്ടായിരുന്നു. വിവാദമുയർന്നതോടെയാണ് പ്രതികളെ പിടികൂടുന്നതിനുളള നടപടികൾ പൊലീസ് ഊർജ്ജിതമാക്കിയത്. വെള്ളിയാഴ്ച  പുലർച്ചെയാണ് അനുവദാമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊന്നത്.