കോട്ടയം:  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ മുഖ്യസാക്ഷികളിലൊരാളായ സിസ്റ്റർ ലിസി വടക്കേയിലിന്‍റെ പൊലീസ് സുരക്ഷ പിൻവലിച്ചു. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പൊലീസ് മുവാറ്റുപുഴയിലെ മഠത്തിൽ താമസിച്ച് സുരക്ഷ നൽകുന്നതിൽ അസൗകര്യമുണ്ടെന്ന് കാണിച്ച് എഫ്സിസി അധികൃതർ നൽകിയ പരാതിയിലാണ് നടപടി. സിസ്റ്റർ ലിസി വടക്കേയിലിന് ഇഷ്ടമുള്ളിടത്ത് താമസിക്കാമെന്ന് കോടതി അറിയിച്ചു.

അതേസമയം മഠത്തിൽ താമസിക്കണമെങ്കിൽ സഭനിയമം അനുസരിക്കേണ്ടി വരുമെന്ന് എഫ്സിസി മദർ സുപ്പീരിയർ വ്യക്തമാക്കി. കൗൺസിൽ തീരുമാനം അനുസരിച്ച് വിജയവാഡ സഭാംഗമായ സിസ്റ്റർ ലിസി ഉടൻ ആന്ധ്രയിൽ എത്തണമെന്നും എഫ്സിസി അധികൃതർ അറിയിച്ചു. അതേസമയം എഫ്സിസി അധികൃതർ മഠത്തിൽ തടങ്കലിലാക്കിയെന്ന പരാതിയിൽ സിസ്റ്റർ ലിസി നൽകിയ കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.