Asianet News MalayalamAsianet News Malayalam

എകെജി സെന്‍റർ ആക്രമണം; കേസ് സ്ഫോടക വസ്തു നിരോധന നിയമ പ്രകാരം, എഫ്ഐആറിന്‍റെ പകര്‍പ്പ് പുറത്ത്

സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

Police still groping in darkness on AKG centre attack in Kerala, FIR out
Author
Thiruvananthapuram, First Published Jul 1, 2022, 2:42 PM IST

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനെന്ന് എഫ്ഐആർ. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേസമയം, എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് 13 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 

ഇന്നലെ രാത്രി മുതൽ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസുകാരെല്ലാം അരിച്ചു പെറുക്കിയിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചനയില്ല. പൊലീസുകാർ കാവൽ നിൽക്കുമ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം സുരക്ഷ വീഴ്ചയെന്നാണ് വിലയിരുത്തൽ. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു.

എട്ട് പൊലീസുകാർ എകെജി സെന്‍ററിന് മുന്നിൽ സുരക്ഷ ജോലി നോക്കുമ്പോഴാണ് സ്കൂട്ടിലെത്തിയ അക്രമി എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തു വലിച്ചറിഞ്ഞ് രക്ഷപ്പെട്ടത്. എകെജി സെന്‍ററിനുള്ളിലുന്നവർ പോലും ഉഗ്ര സ്ഫോടക ശബ്ദം കേട്ടതായി പറയുന്നു. പക്ഷെ എകെജി സെന്‍ററിന് മുന്നിലും, എതിരെ സിപിഎം നേതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലും നിലയിറപ്പിച്ചിരുന്ന പൊലീസുകാർ അക്രമിയെ കണ്ടില്ല. ശബ്ദം കേട്ട് ഈ ഭാഗത്തേക്ക് ഓടിയെത്തുകയോ അക്രമിയെ പിന്തുടരുകയോ ചെയ്തില്ല. എകെജി ഹാളിലേക്ക് പോകുന്ന ഗേറ്റിൽ പൊലീസുകാരെ വിന്യസിച്ചിരുന്നില്ല. ഇവിടെയാണ് അക്രമം നടന്നത്.

Also Read: കൈവെട്ടും കാൽ വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും-പ്രകോപനവുമായി എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തിൽ പ്രകടനം

ഗുരുതര സുരക്ഷ വീഴ്ചക്ക് പിന്നാലെ പ്രതിയെ ഇതേവരെ പിടികൂടാനാകാത്തതും മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന് വൻ തിരിച്ചടിയാണ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രണത്തിന് ശേഷമാണ് എകെജി സെന്‍ററിന്‍റെയും സുരക്ഷ വർദ്ധിപ്പിച്ചത്. സുരക്ഷ ക്രമീകരണത്തിന്‍റെ ഭാഗമായി എകെജി സെന്‍ററിന് മുന്നിൽ പുതിയ സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. രാത്രി 11.22ന് ഇരുചക്രവാഹത്തിലെത്തിയ ഒരാള്‍ സ്ഫോടക വസ്തു വലിച്ചെറിയുന്നതാണ് എകെജി സെന്‍ററിന്‍റെ സിസിടിവിയിലുള്ളത്. തൊട്ടടുത്തുള്ള ഒരു വീട്ടിലെ സിസിടിവിയിൽ 11.20ന് ഒരു വാഹനം എകെജി സെന്‍ററിന്‍റെ ഭാഗത്തേക്ക് പോകുന്നതും 11.23ന് വാഹനം കുന്നുകുഴി ഭാഗത്തേക്ക് മിന്നൽ വേഗത്തിൽ പോകുന്നതും കാണാം. 

Also Read:  കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്;'എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം '

ദൃശ്യങ്ങളിലൊന്നും വാഹന നമ്പർ വ്യക്തമല്ല. അക്രമിയുടെ വാഹനം എകെജി സെന്‍ററിലെത്തുന്നതിന് മുമ്പ് മറ്റൊരു ബൈക്കും ഈ വഴി പോകുന്നുണ്ട്. പ്രതി ലോ കോളേജ് ജംഗ്ഷനും കഴിഞ്ഞ് മുന്നോട്ടുപോയതായി വിവരം പൊലീസിന് ലഭിച്ചു. ഡിസിആർബി (ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ) അസി. കമ്മീഷണർ ദിനിൽ അന്വേഷണ ഉദ്യോഗസ്ഥനായി 15 അംഗ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios