ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. 

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവര്‍ച്ചാ കേസിൽ അന്വേഷണ സംഘം 625 പേജുള്ള കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയില്‍ സമർപ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. കെ സുരേന്ദ്രനും മകനും ഉൾപ്പടെ 19 ബിജെപി നേതാക്കൾ സാക്ഷികളാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്‍റെ മകന്‍ അടക്കം 216 പേരാണ് സാക്ഷി പട്ടികയിലുള്ളത്. മൊഴിയെടുപ്പിക്കാന്‍ വിളിച്ച എല്ലാ ബിജെപി നേതാക്കളെയും സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

ഇത് എത്തിയത് കർണാടകത്തിൽ നിന്നാണ്. പരാതിക്കാരനായ ധർമ്മരാജനെയാണ് പണം കൊണ്ടു വരാൻ ബിജെപി നേതാക്കൾ ഏൽപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശങ്ങള്‍ക്ക് വിരുദ്ധമായി ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം ചെലവഴിച്ചു. ബിജെപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണം. കേസിൽ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ബാക്കി തുക കണ്ടെത്താൻ ശ്രമം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.