പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസര്‍ കൊല്ലം കുന്നത്തൂര്‍ സ്വദേശി ആര്‍ രാജേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് ശാസ്താംകോട്ട പൊലീസിന്‍റെ നടപടി.
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസര്‍ കൊല്ലം കുന്നത്തൂര്‍ സ്വദേശി ആര്‍ രാജേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് ശാസ്താംകോട്ട പൊലീസിന്‍റെ നടപടി. ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച പോസ്റ്റിനുതാഴെ വിദ്വേഷകരമായ രീതിയിൽ പ്രതികരിച്ചതിനാണ് കേസെടുത്തത്. രാജേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ, ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസിൽ നടന്‍ വിനായകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് ഇന്നലെ വിനായകനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്.
Also Read: ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു
'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' - വിനായകൻ ലൈവിൽ ചോദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെടുകയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
