Asianet News MalayalamAsianet News Malayalam

റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ പൊലീസ് കേസ്; സ്വാഭാവിക നടപടിക്രമം മാത്രമെന്ന് പൊലീസ്

ഷാജി ജോർജ് യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസും അയച്ചു. സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായുള്ള കേസാണെന്നാണ് കടുത്തുരുത്തി പൊലീസിന്റെ വിശദീകരണം. 

Police take case against NRI  businessman Shajimon for holding protest on road nbu
Author
First Published Nov 18, 2023, 11:13 AM IST

കോട്ടയം: കോട്ടയം മാഞ്ഞൂരിൽ അകാരണമായി കെട്ടിട നമ്പർ നിഷേധിച്ച പഞ്ചായത്തിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഷാജി ജോർജ് യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസും അയച്ചു. സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായുള്ള കേസാണെന്നാണ് കടുത്തുരുത്തി പൊലീസിന്റെ വിശദീകരണം. 

ഈ മാസം ഏഴാം തീയതിയായിരുന്നു മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഷാജി മോൻ ജോർജ് എന്ന പ്രവാസി സംരംഭകൻ പ്രതിഷേധിച്ചത്. 25 കോടി ചെലവിട്ട് സംരംഭം തുടങ്ങിയിട്ടും ചുവപ്പുനാടയിൽ കുരുക്കിയിട്ട പഞ്ചായത്തിനെതിരായ ഷാജിയുടെ പ്രതിഷേധം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. മന്ത്രിമാരടക്കം നേരിട്ട് ഇടപെട്ട് രണ്ട് മണിക്കൂർ കൊണ്ട് പ്രശ്നത്തിന് പരിഹാരവും ഉണ്ടാക്കി. പ്രശ്നങ്ങൾ അവസാനിച്ചെന്ന് കരുതി ഷാജിമോൻ തിരികെ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് ഇപ്പോള്‍ പൊലീസ് നടപടി. സമര ദിനത്തിൽ ഷാജിമോൻ ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും കാട്ടിയാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഏഴാം തീയതി രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ കാര്യം പൊലീസ് തന്നിൽ നിന്ന് മറച്ചുവച്ചെന്ന് ഷാജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് നവംബർ 17 ന് രാവിലെ 10 മണിക്ക് (അതായത് ഇന്നലെ) സ്റ്റേഷനിൽ ഹാജരാകണം എന്ന് തന്നെ പൊലീസ് അറിയിച്ചതെന്നും ഷാജി പറയുന്നു. ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10 മണി കഴിഞ്ഞതിന് ശേഷമാണ് ഈ അറിയിപ്പ് വാട്സാപ്പ് മുഖാന്തരം തനിക്ക് ലഭിച്ചതെന്നും ഷാജി ചൂണ്ടിക്കാട്ടി. അഭിഭാഷകരുമായി ആലോചിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്ന് ഷാജി വ്യക്തമാക്കി. വ്യവസായ മന്ത്രിയുടെ ഓഫിസിനെയും വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ എല്ലാ സമരങ്ങളിലും എടുക്കുന്ന സ്വാഭാവികമായ കേസ് മാത്രമാണ് ഷാജിമോനെതിരെ ചുമത്തിയതെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്.

Follow Us:
Download App:
  • android
  • ios