വയനാട്: അമ്പലവയലിൽ തമിഴ്‍നാട് സ്വദേശികളായ യുവതിയെയും യുവാവിനെയും പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകൻ സജീവാനന്ദന്‍ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. തമിഴ്‌നാട്ടിൽ എത്തിയാണ് അന്വേഷണസംഘം ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. പകമൂത്ത പ്രതി സജീവാനന്ദൻ തങ്ങളെ ക്രൂരമായി അക്രമിക്കുകയായിരുന്നു എന്നാണ് ഇരുവരും മൊഴി നൽകിയത്.

മർദ്ദനമേറ്റ യുവതിയെ ഫോണിൽ ബന്ധപ്പെട്ടാണ് അന്വേഷണസംഘം തമിഴ്‌നാട്ടിൽ എത്തിയത്. ആദ്യദിവസം യുവതി പൊലീസിനെ കാണാൻ കൂട്ടാക്കിയില്ല. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ യുവതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയാണ് ഇന്ന് മൊഴി രേഖപ്പെടുത്തിയത്. യുവതി പറഞ്ഞതനുസരിച്ച് മർദ്ദനമേറ്റ യുവാവിനെയും പൊലീസ് കണ്ടെത്തി. ലോഡ്ജിൽ വന്ന് ശല്യം ചെയ്തപ്പോൾ എതിർത്തതിന് സജീവാനന്ദൻ പകയോടെ കാത്തുനിന്ന് അക്രമിച്ചെന്നാണ് ഇരുവരും നൽകിയ മൊഴി. തങ്ങൾക്ക് ക്രൂരമായി മർദ്ദനമേറ്റെന്നും ഭയന്നിട്ടാണ് പരാതി നൽകാതെയിരുന്നതെന്നും ഇരുവരുടെയും മൊഴിയിൽ പറയുന്നു. പ്രതി യുവതിയുടെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചുവെന്നും യുവാവിന്‍റെ കൈ തിരിച്ചൊടിച്ചെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. ഇരുവരുടെയും രഹസ്യ മൊഴി വിശദമായി രേഖപ്പെടുത്താൻ കോടതിയുടെ അനുവാദം തേടാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിനായി വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, കേസിൽ ഇപ്പോഴും ഒളിവിൽ കഴിയുന്ന സജീവാനന്ദന്റെ മേൽ കുരുക്ക് മുറുകുകയാണ്. അക്രമണത്തിൽ പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താൻ കഴിയാതെയിരുന്നതിനാൽ പ്രതിക്കുമേൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇരുവരുടെയും മൊഴിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉള്ള സാഹചര്യത്തിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകൾകൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനുവേണ്ടിയാണ് ഇരുവരുടെയും വിശദമായ രഹസ്യമൊഴി രേഖപ്പെടുത്താനും ശ്രമം തുടങ്ങിയിരിക്കുന്നത്. സജീവാനന്ദൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൽപറ്റ കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്.