Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് ഗുണ്ടകൾക്കെതിരെ നടപടി, നഗരത്തിൽ 8 സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളുമടക്കം 69 പേർ അറസ്റ്റിൽ

എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോടും വ്യാപക പരിശോധന നടന്നത്.

police tightening law and order goons arrested in kozhikode city area APN
Author
First Published Feb 5, 2023, 10:42 AM IST

കോഴിക്കോട് : സംസ്ഥാനവ്യാപകമായി ഗുണ്ടകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടും അറസ്റ്റ്. നഗര പരിധിയിൽ 69 പേരെ അറസ്റ്റ് ചെയ്തു. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. റൂറൽ പരിധിയിൽ 147 പേർ കരുതൽ തടങ്കലിലാണ്. സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോടും വ്യാപക പരിശോധന നടന്നത്. സംസ്ഥാനമാകെ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഗുണ്ടാപട്ടിക പുതുക്കുന്നതും കാപ്പ നടപടിയും ശക്തമാക്കുന്നത്. കോഴിക്കോട്ട് ഇന്നലെ രാത്രി ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് രാവിലെയാണ് പൂർത്തിയായത്. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 69 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിവര ശേഖരണം നടത്തി വിട്ടയക്കുമെങ്കിലും ഇനി പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ഇതിന് ശേഷം ആവശ്യമെങ്കിൽ കാപ്പ ചുമത്തൽ നടപടിയിലേക്കടക്കം പൊലീസ് കടക്കും. 

 

പൊലീസ് ഗുണ്ടാബന്ധം, തലസ്ഥാനത്തടക്കം അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങൾ, വിദേശ ടൂറിസ്റ്റുകൾക്കെതിരെപ്പോലും തുടർച്ചയായ അതിക്രമം, ഗുണ്ടാ രാഷ്ട്രീയബന്ധം അങ്ങനെ സർക്കാറും പൊലീസും നിരന്തരം പഴികൾ കേൾക്കുന്നതോടെയാണ് പൊലീസ് നടപടി കർശനമാക്കിയത്. വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ, കരുതൽ തടങ്കൽ വേണ്ട സാമൂഹ്യ വിരുദ്ധർ, ലഹരി കേസ് പ്രതികളടക്കം അറസ്റ്റിലായി. 

അരിച്ചു പെറുക്കി നടപടിയെടുക്കാനാണ് നിർദേശം. തലസ്ഥാനത്ത് മാത്രം 181 ഗുണ്ടകളാണ് പിടിയിലായത്. അധികവും റൂറൽ മേഖലയിൽ നിന്നാണ്. ഗുണ്ടാനിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിൽക്കഴിഞ്ഞ അനൂപ് ആന്റണി, അന്തർസംസ്ഥാന മോഷ്ടാവ് ജാഫർ എന്നിവരും ഇന്ന് പിടിയിലായവരിൽ പെടുന്നു. 

'എന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും', ബിബിസി വിവാദത്തിൽ അനിൽ ആൻറണി

പത്തനംതിട്ടയിൽ 81 പേർ കസ്റ്റഡിയിലാണ്. പാലക്കാട് 137 പേരെ കരുതൽ തടങ്കലിലാക്കി 130 കേസുകളെടുത്തു. രാത്രിയിലിറങ്ങി 165 വീടുകളാണ് പരിശോധിച്ചത്. കോട്ടയത്ത് കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട 5 ഗുണ്ടകൾ ഉൾപ്പെടെ 112 പേർ കരുതൽ തടങ്കലിലാണ്. 26 പേർ വാറണ്ട് പ്രതികളാണ്. 13 പേർ പിടികിട്ടാപുള്ളികളാണ്. തൃശൂർ റൂറലിൽ 92 പേരാണ് കരുതൽ തടങ്കലിലുള്ളത്. 37 വാറണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തു. നടപടി ഇനിയും തുടരും. ഓപ്പറേഷൻ ആഗിൻറ വിശദാംശങ്ങൾ പറയാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വൈകീട്ട് വാർത്താ സമ്മേളനം നടത്തും. 

 

Follow Us:
Download App:
  • android
  • ios